ചിറ്റൂർ: തെരഞ്ഞെടുപ്പിനു മുൻപുള്ള സർവ്വേകൾ എൽഡിഎഫും തിരഞ്ഞെടുപ്പിനു ശേഷമുള്ള ഫലത്തിൽ യുഡിഎഫും ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ചിറ്റൂർ പാലാഴി കല്യാണമണ്ഡപത്തിൽ നടന്ന യുഡിഎഫ് നിയോജക മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിപണിയിൽ ഏറെ താഴ്ന്നിട്ടും പെട്രോൾ ഡീസൽ വില കുറയ്ക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. കർഷക ദ്രോഹത്തിൽ ബിജെപിയ്ക്കും യുവജന ദ്രോഹത്തിൽ എൽഡിഎഫിനും നൽകാനുള്ള മറുപടി വോട്ടിലൂടെ ലഭിക്കും.
ഇത്രയധികം ധൂർത്തും അഴിമതിയും നിറഞ്ഞ സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ചിറ്റൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ രതീഷ് അധ്യക്ഷനായി. മുൻ എംഎൽഎമാരായ കെ.അച്യുതൻ, സി.ചന്ദ്രൻ, വി.എസ് വിജയരാഘവൻ എന്നിവർ സംസാരിച്ചു.