കണ്ണൂർ: രാജ്യം കണ്ട ഏറ്റവും വലിയ കബളിപ്പിക്കൽ വീരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് പ്രവർത്തക നിർവാഹകസമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ എംപി. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004 നും 2017നും ഇടയിൽ ഡീസലിന്റെ എക്സൈസ് തീരുവ 350 ശതമാനാണ് വർധിപ്പിച്ചത്. ഇതിൽനിന്നാണ് ഇപ്പോൾ രണ്ടുരൂപ കുറച്ചത്. കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പ് വേളയിലാണ് ഡീസൽ വില അവസാനമായി കുറച്ചിരുന്നത്. എന്നാൽ പിന്നീട് ഏഴു രൂപ വർധിപ്പിച്ചു.
ഇപ്പോൾ രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രണ്ടു രൂപ കുറച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ സർക്കാർ നിലവിൽ വന്നതിനുശേഷം 12 തവണ എക്സൈസ് ഡ്യൂട്ടിയിൽ വർധന വരുത്തി. ഇത് കുത്തക മുതലാളിമാർക്ക് വീതിച്ചുകൊടുക്കുകയാണ് ചെയ്തത്.
റഫാൽ അഴിമതിയിൽ ഒരക്ഷരം മിണ്ടാൻ പ്രധാനമന്ത്രി ഇനിയും തയാറായിട്ടില്ല. ഇതിന് 2019 ൽ ജനങ്ങൾക്കു മുന്നിൽ മോദി സമാധാനം പറയേണ്ടിവരും. ശബരിമല വിഷയത്തിൽ യുഡിഎഫ് നൽകിയ അഫിഡവിറ്റ് എൽഡിഎഫ് മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോടും ആലോചിക്കാതെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. സിപിഎം നിരീശ്വര വാദം ഉന്നയിക്കുന്നവരായിരിക്കും. എന്നാൽ നാട്ടിലെ വിശ്വാസികളുടെ വികാരവും മാനിക്കേണ്ടതാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.