കൊല്ലം: നീണ്ടകരയിൽ കഴിഞ്ഞ ദിവസം മൽസ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു ആലപ്പാട് സ്വദേശി ലിജു മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് കെ സി വേണുഗോപാൽ എംപി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
മറൈൻ എൻഫോഴ്സ്മെന്റിന്റെ രക്ഷാ പ്രവർത്തനത്തിനുപയോഗിക്കുന്ന ബോട്ടിനു ഏതാനം മീറ്ററുകൾ അകലെയാണ് ലിജു ഉൾപ്പെടെയുള്ള തൊഴിലാളികൾ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വള്ളം എൻജിന്റെ പ്രവർത്തനം നിലച്ചു അപകടത്തിൽപെട്ടത്.
എന്നാൽ മറൈൻ എൻഫോഴ്സ്മെന്റിനെ വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകിയതിനെ തുടർന്ന് അപകടത്തിൽ പെട്ടവർ കടലിൽ ചാടി നീന്തി രക്ഷപെടാൻ ശ്രമം ആരംഭിക്കുകയായിരുന്നു.
ഇതിനിടെയാണ് അപകടത്തിൽപെട്ടു മരിച്ചത്. രക്ഷാപ്രവർത്തനത്തിന് ബോട്ട് എത്താൻ വൈകിയെന്നു ആരോപണം ഉയർന്ന സാഹചര്യം അന്വേഷിക്കണം. രക്ഷപെടുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടും അപകടത്തിൽ ലിജു മരണമടയുകയും മൂന്നു തൊഴിലാളികൾക്കു പരിക്കേൽക്കുകയും ചെയ്തു. മരണമടഞ്ഞ ലിജുവിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും എം പി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.