തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വേർപാടിനെ പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്.
അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിശദീകരണവുമായി എത്തുന്നതെന്നു വേണുഗോപാൽ വ്യക്തമാക്കി.
വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് അത്തരക്കാൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മൻചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്നും ഞങ്ങളുടെയെല്ലാം മനസിൽ നേതാവ് മാത്രമല്ല ഉമ്മൻചാണ്ടിയെന്നും ഗുരുവും വഴികാട്ടിയും എല്ലാമാണെന്നും വേണുഗോപാൽ രാത്രി വൈകി പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു.
ദുഃഖകരമെന്നതിനു പകരം സന്തോഷകര മെന്നാണ് നാക്കുപിഴയായി വന്നത്.ഉമ്മൻചാണ്ടിയുടെ വിയോഗം ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്ന ആളുകളിൽ ഒരാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു.
അങ്ങനെയുള്ള എന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നാക്കുപിഴയെ ഈ നിലയിൽ ആഘോഷിക്കേണ്ടതുണ്ടോ എന്ന് അങ്ങനെ ചെയ്യുന്നവർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യസഹജമായ ഇത്തരം കാര്യങ്ങൾ ആർക്കും സംഭവിക്കാവുന്നതാണ്.എന്നെ കുറ്റപ്പെടുത്തുമ്പോൾ അതിലൂടെ മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെക്കൂടിയാണ് മോശമാക്കാൻ ശ്രമിക്കുന്നതെന്നും അത്തരക്കാർ മനസിലാക്കണം.
ഇത്തരം പ്രവണതകളിൽനിന്ന് ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും അദ്ദേഹം അഭ്യർഥിച്ചു.