കണ്ണൂർ: പാർട്ടിക്കു മാത്രമായിരിക്കണം നേതാക്കൾ മുൻഗണന നൽകേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസ് പാർട്ടിയിൽ എവിടെയൊക്കെ ദൗർബല്യങ്ങളുണ്ടോ അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകണം. പാർട്ടി ആയിരിക്കണം മുൻഗണന.
പാർട്ടി മാത്രം. പാർട്ടിക്ക് അതീതമായിട്ടുളള എല്ലാ മുൻഗണനയും ഒഴിവാക്കാൻ എല്ലാവരും മനസുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും വേണുഗോപാൽ പറഞ്ഞു.
താഴേത്തട്ടുമുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോടു കൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും നേതൃമാറ്റ സാധ്യത തള്ളിക്കളയാതെ വേണുഗോപാൽ വ്യക്തമാക്കി.