കൽപ്പറ്റ: രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ മത്സരിക്കുന്നതിനു നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ സൂക്ഷ്മപരിശോധനയിൽ പൗരത്വവുമായി ബന്ധപ്പെട്ടു ഉയർന്ന പരാതിയിൽ കോണ്‍ഗ്രസിനു ആശങ്കയില്ലെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധി ആദ്യമായല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്നു വട്ടം എംപിയായ അദ്ദേഹം നാലാമത്തെ തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. അഴിച്ചുവിട്ട കുപ്രചാരണങ്ങളെല്ലാം വെറുതെയായപ്പോൾ പരാജയഭീതിയിലായവരാണ് പരാതിക്കു പിന്നിൽ. സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ രണ്ടു വർഷമായി രാഹുലിനെതിരെ ഉന്നയിച്ചുവരുന്നതാണ് പൗരത്വമായി ബന്ധപ്പെട്ട ആരോപണം. പരാതിയിൽ കഴന്പില്ലെന്നു അടുത്ത ദിവസം വ്യക്തമാകും.
അമേഠിയിൽ രാഹുലിനെതിരെ മത്സരിക്കുന്ന സ്ഥാനാർഥി വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഇത്തവണയും മുൻ തെരഞ്ഞെടുപ്പുകളിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യത്യസ്ത വിവരങ്ങളാണ് ഉള്ളത്. തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനുള്ള ആയുധം മാത്രമായാണ് ബിജെപി വിശ്വാസത്തെ കാണുന്നത്. ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും നടത്തിയ ഒത്തുകളി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അലോസരപ്പെടുത്തുന്നില്ല.
ജനങ്ങളെ വിശ്വസിച്ചാണ് കോണ്‍ഗ്രസും മുന്നണിയും മുന്നോട്ടുപോകുന്നത്. കേരളത്തിൽ 20 സീറ്റും യുഡിഎഫ് നേടുന്ന രാഷ്ട്രീയ സാഹചര്യം വ്യക്തമായിരിക്കയാണ്. യുഡിഎഫിനു അനുകൂലമായ കാറ്റാണ് കേരളത്തിലുടനീളം വീശുന്നത്. വയനാട്ടിൽ അത്യുജ്വല ഭൂരിപക്ഷത്തോടെ രാഹുൽ വിജയിക്കും.
പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം രാഹുലിന്റെ വിജയത്തിന്റെ മാറ്റുകൂട്ടും. വയനാടിനെ പാക്കിസ്ഥാനോടു ഉപമിച്ച ബിജെപി അധ്യക്ഷൻ അമിത്ഷായോട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുല്യനാണയത്തിൽ പ്രതികരിക്കാത്തതു അവർക്കു അന്തസുള്ളതുകൊണ്ടാണ്. രാജ്യത്തെ സംബന്ധിച്ച കാഴ്ചപ്പാട് രണ്ടു നേതാക്കളും മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ തലപ്പുഴയിലും കന്പളക്കാടും യുഡിഎഫ് പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് നടപടി പ്രതിഷേധാർഹമാണ്. പ്രകോപനമില്ലാതിരിക്കെയാണ് പോലീസ് യുഡിഎഫ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തത്. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്നു ജില്ലാ പോലീസ് മേധാവിയോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.