ആലപ്പുഴ: നഗരസഭയിലെ പള്ളാത്തുരുത്തി വാർഡിൽ തപാൽ വോട്ട് ചെയ്യിപ്പിക്കാൻ ബൂത്ത് ഓഫീസർ കൊണ്ടുപോയ ലിസ്റ്റിൽ മരിച്ചവരുടെ പേരടക്കം ഉൾപ്പെട്ട സംഭവം വ്യാപകമായ വോട്ടിങ് ക്രമക്കേടിന് അവസരമൊരുങ്ങുന്നുവെന്നതിന്റെ തെളിവാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
ഈ ബൂത്തിലെ തപാൽ വോട്ടർപട്ടികയിൽ ആകെയുള്ള 27 പേരിൽ ഏഴു പേർ മരിച്ചവരാണ് .
യുഡിഎഫ് തുറന്നു കാട്ടിയ വ്യാജവോട്ടും, ഇരട്ടവോട്ടും തപാൽ വോട്ടിൽ തന്നെ സംഭവിച്ചിരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പലയിടത്തും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മരിച്ചവർക്ക് സമ്മതപത്രം നൽകാൻ സാധ്യമല്ലെന്നിരിക്കെ ഇവരുടെ പേരും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത് എങ്ങനെയാണെന്നതിനെ സംബന്ധിച്ചു തെരെഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തണം.
പുറമേ തപാൽ വോട്ടുകൾ സീൽ ചെയ്യാതെയാണ് ഉദ്യോഗസ്ഥർ തിരികെ വാങ്ങുന്നതെന്നും പരാതിയുണ്ട്.
കള്ളവോട്ടിലൂടെ ജനഹിതം അട്ടിമറിക്കാൻ അവസരമൊരുക്കുന്ന ഈ ആസൂത്രിത ഗൂഢാലോചനയെ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.