ഇതിഹാസ താരം സച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് കെസിഎ ! ഈ നിലപാട് ബ്ലാസ്റ്റേഴ്‌സ്‌ ഉടമയായതു കൊണ്ട്; വിമര്‍ശനങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ക്രിക്കറ്റും ഫുട്‌ബോളും തമ്മിലുള്ള യുദ്ധത്തില്‍ ഒടുവില്‍ ഫുട്‌ബോളിന് താല്‍ക്കാലിക വിജയം. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്. കായികമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണു കെസിഎ തീരുമാനമെടുത്തത്. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും ക്രിക്കറ്റ് മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു.

ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തിലാവും അന്തിമ തീരുമാനം എടുക്കുക. നവംബര്‍ ഒന്നിനാണ് ഇന്ത്യാ-വിന്‍ഡീസ് ഏകദിനം. അതേ സമയം കൊച്ചി സ്‌റ്റേഡിയം ഫുട്‌ബോളിനായി വിട്ടു നല്‍കണമെന്നു പറഞ്ഞ സച്ചിന്‍ തെണ്ടുല്‍ക്കറിനെ കെസിഎ രൂക്ഷമായി വിമര്‍ശിച്ചു. ക്രിക്കറ്റ് തിരുവനന്തപുരത്തു നടത്തണമെന്ന് അഭിപ്രായപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ സെക്രട്ടറി പറഞ്ഞു.

കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേഴ്‌സ്‌ ഉടമയായതുകൊണ്ടാണ്. ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയ സംഭവത്തിലും ബാധകമെന്നും സെക്രട്ടറി വ്യക്തമാക്കി. എന്തായാലും പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

Related posts