അങ്കമാലി: അബ്കാരികളില്നിന്നു മാസപ്പടിയും മദ്യവും വാങ്ങുന്ന എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ മദ്യവിരുദ്ധ ബോധവല്കരണം നടത്തുന്നത് വിരോധാഭാസമാണെന്നു കേരള മദ്യവിരുദ്ധ എകോപന സമിതി സംസ്ഥാന ചെയര്മാന് ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്.
കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ എകോപനസമിതിയും ചേര്‍ന്നു സംഘടിപ്പിച്ച ജനസഹ്രസ പ്രതിഷേധ വായ്മൂടി കെട്ടി നില്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ ബോധവല്കരണം എക്സൈസില്‍നിന്നു മാറ്റി ആരോഗ്യവകുപ്പിനെ എല്പ്പിക്കണം. നാടുനീളെ മദ്യഷാപ്പുകള്‍ തുറന്ന് ഇടതുസര്‍ക്കാര്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്താലയമാക്കുകയാണ്.
കുടുംബങ്ങള്‍ തകര്‍ന്നാലും വ്യക്തികള്‍ നശിച്ചാലും പ്രശ്നമില്ലെന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ കരുതുന്നത് ഭൂഷണമല്ല. ജനദ്രോഹ മദ്യനയങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യഷാപ്പുകള്‍ വ്യാപകമാക്കുന്നതിനും പബ്ബുകള്‍ ആരംഭിക്കുന്നതിനും ഡ്രൈഡേ പിന്‍വലിക്കുന്നതിനും നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമെതിരേ അങ്കമാലി റെയില്‍വേ സ്റ്റേഷന് ജംഗ്ഷനിലായിരുന്നു നില്പുസമരം. എകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു.
റോജി എം. ജോണ്‍ എംഎല്‍എ മുഖ്യ സന്ദേശം നല്കി. ബസിലിക്ക റെക്ടര്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ജോര്‍ജ് നേരെവീട്ടില്‍, കെ.എ. പൗലോസ്, സിസ്റ്റര്‍ റോസ്മിന്‍, ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്, ഡോ. തങ്കം ജേക്കബ്, പ്രഫ. കെ.കെ. കൃഷ്ണന്, ജെയിംസ് കോറമ്പേല്‍, സിസ്റ്റര്‍ മരിയൂസ, എം.പി. ജോസി, ഹില്‍ട്ടണ്‍ ചാള്‍സ്, തങ്കച്ചന് വെളിയില്‍, കെ.എ. റപ്പായി, കെ.വി. ജോണി, ശോശാമ്മ തോമസ്, കെ.ഒ. ജോയി, ബാബു പോള്‍, ഇ.പി. വര്‍ഗീസ്, പോള്‍ ഇടകൂടന്, ലക്സി ജോയി, ചെറിയാന് മുണ്ടാടന്‍, ഡോ. സി.എ. മുകുന്ദന്, ഷീല ജോസ്, പി.ഐ. നാദിര്‍ഷ, ജോഷി പറോക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.