ചെറുതോണി: മൂന്നര മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചതു കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചു. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിയാപുരത്തു വാടകയ്ക്കു താമസിക്കുന്ന പൂതക്കുഴിയിൽ അനിൽ (37)നെയാണ് മകൾ മൂന്നര മാസം പ്രായമുള്ള അനാമികയെ കൊലപ്പെടുത്തിയ കേസിൽ ഇടുക്കി പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് അറിയിച്ചു.
ശനിയാഴ്ച രാത്രിയിലാണു സംഭവം. ജോലികഴിഞ്ഞു വീട്ടിൽവന്ന അനിൽ ഭാര്യ ഗ്രീഷ്മയുമായി വഴക്കുണ്ടാക്കി. ഭാര്യയോടുള്ള ദേഷ്യത്തിൽ കുട്ടി ഉറങ്ങിക്കിടന്നിരുന്ന തൊട്ടിലിൽ പിടിച്ച് അനിൽ ശക്തിയായി തള്ളി. തൊട്ടിൽ മുറിയിലെ കട്ടിളപ്പടിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയോട്ടി തകർന്നു. ചെവിയിലൂടെ രക്തം ഒഴുകി. ഇതു വകവക്കാതെ അനിൽ കുളിക്കാൻപോയി. ഈ സമയം മാനസികദൗർബല്യമുള്ള ഭാര്യ ഗ്രീഷ്മ ഭീതിമൂലം അപ്പോൾത്തന്നെ അഞ്ചു കിലോമീറ്റർ അകലെയുള്ള ചെറുതോണി ഗാന്ധിനഗർ കോളനിയിലുള്ള സ്വന്തം വീട്ടിലേക്കു പോയി.
കുളികഴിഞ്ഞെത്തിയ അനിൽ കൈയബദ്ധം പറ്റിയതായി കൂടെ ജോലിചെയ്യുന്ന സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം കുട്ടിയെ ജില്ലാ ആശുപത്രിയിലും അവിടെനിന്നു കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ശക്തിയായുള്ള ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ക്ഷതമാണു മരണകാരണമെന്നു തെളിഞ്ഞു. ഒന്നരവർഷം മുന്പാണ് ഈ ദന്പതികൾ മരിയാപുരത്തു വാടകവീട്ടിൽ താമസിക്കാനെത്തിയത്. അനിലിനു മേരികുളം ഇടപ്പൂക്കുളത്ത് ഭാര്യയും മൂന്നു മക്കളുമുള്ളതായി പോലീസ് പറഞ്ഞു. ഗ്രീഷ്മയുടേതും രണ്ടാം വിവാഹമാണ്. അനിൽ മേസ്തിരിയാണ്.