ഹരിപ്പാട്: കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന, സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് ട്രാൻസ്പോർട്ട് (കെസിടി)സ്ഥാപനത്തിലെ സിഐടിയു തൊഴിലാളികൾ സമരം ചെയ്തത് ഫലത്തിൽ സിപിഎമ്മിന് എതിരായി.
ഹരിപ്പാട് ഡിപ്പോയിലെ മൂന്നു പഴയ ബസുകൾ പൊളിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.1957ൽ തുടങ്ങിയ കെസിടിയുടെ ഉടമസ്ഥതയിൽ 24 സർവീസ് ബസുകളും മൂന്ന് റിസർവ് ബസുകളും എട്ട് ടൂറിസ്റ്റ് ബസുകളുമാണ് നിലവിലുള്ളത്.
250 സ്ഥിരം തൊഴിലാളികളും 50 എം പാനൽ തൊഴിലാളികളുമുൾപ്പടെ 300 തൊഴിലാളികൾ ഈ പ്രസ്ഥാനത്തെ ആശ്രയിച്ചു കഴിയുന്നു. ബൈലോ അനുസരിച്ച് തൊഴിലാളികൾക്കും മാനേജ്മെന്റിനും തുല്യാവകാശമാണുള്ളത്.
അതനുസരിച്ചു പഴയ ബസുകൾ പൊളിച്ചു വിൽക്കുവാനുള്ള തീരുമാനം തൊഴിലാളികളെ അറിയിക്കേണ്ടതായിരുന്നു. എന്നാൽ മാനേജ്മെന്റിലെ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഫലമായി പാവുമ്പാ സ്വദേശികൾക്ക് പഴകിയ ബസുകൾ പൊളിച്ചെടുക്കുവാനുള്ള അവകാശം രഹസ്യമായി നല്കുകയായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മാസത്തിലാണ് ബസ് സർവീസുകൾ നിർത്തിവച്ചത്.അന്നു മുതൽ തൊഴിലാളികൾ മുഴുപ്പട്ടിണിയിലാണ്.
ബസുകൾ ഓരോന്നായി പൊളിച്ചെടുത്ത് വിറ്റ് കാശാക്കുവാനും, ലോക്ഡൗണിന്റെ മറവിൽ സ്ഥാപനം പൂട്ടാനുമാണ് ഡയറക്ടർ ബോർഡിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും, തങ്ങൾ ചോരയും നീരും കൊടുത്തു വളർത്തിയ പ്രസ്ഥാനം ജീവൻ കൊടുത്തും നിലനിർത്തുമെന്നും തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
സിഐടിയു യൂണിയൻ നേതൃത്വത്തിലുള്ള തൊഴിലാളികൾ സിപിഎം ജില്ലാ നേതൃത്വത്തിനും മാനേജ്മെന്റിനും എതിരേ മുദ്രാവാക്യം മുഴക്കിയും പൊളിച്ച ബസിന്റെ ബോഡിയിൽ കൊടി കെട്ടിയും സമരം ചെയ്തതോടെ പാർട്ടിയും മാനേജ്മെന്റും വെട്ടിലാകുകയും ഗത്യന്തരമില്ലാതെ അവസാനം തൊഴിലാളികൾക്കു മുന്നിൽ മുട്ടുമടക്കുകയുമായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്ന മുറക്ക് സർവീസുകൾ പുന:രാരംഭിക്കുകയും തൊഴിലാളികൾക്കു തൊഴിൽ ഉറപ്പു വരുത്തുമെന്നും, അതിന് ശേഷം തൊഴിലാളികളുടെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ പഴയ ബസുകൾ പൊളിച്ചുമാറ്റുകയുള്ളൂവെന്നും മാനേജ്മെൻറ് പ്രതിനിധികളായ ശിവ പ്രസാദ്, വിജയകുമാർ, അനിൽകുമാർ എന്നിവർ തൊഴിലാളികൾക്ക് ഉറപ്പു നൽകിയതോടെ ഇന്നലെ ഉച്ചയോടെ സമരം അവസാനിച്ചു. രഘുനാഥ്, കുഞ്ഞുമോൻ, മനോജ് കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.