തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത് കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് പോരിന് കളമൊരുക്കിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വളരെ അടുത്ത് എത്തിനിൽക്കുന്ന സമയത്താണ് കേരളത്തിലെ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്നിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ച് ഹൈക്കമാൻഡ് അറിയിപ്പ് ഇറക്കിയത്. പിന്നാലെ എ, ഐ ഗ്രൂപ്പുകൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേരളത്തിലെ ഗ്രൂപ്പ് നേതാക്കന്മാരെ മറികടന്ന് കെ.സി.വേണുഗോപാൽ പക്ഷക്കാരായ കൂടുതൽ നേതാക്കളെ രാഷ്ട്രീയകാര്യ സമിതിയിൽ കുത്തി നിറച്ചുവെന്നാണ് പഴയ ഗ്രൂപ്പ് പ്രതാപികളുടെ പരാതി.
23 പേർ അംഗങ്ങളായിരുന്ന സമിതിയിൽ പുതിയതായി 13 പേരെ കൂടി ഉൾപ്പെടുത്തി അംഗങ്ങളുടെ എണ്ണം 36 ആക്കി. ഇത്രയും അംഗങ്ങളെ പുതിയതായി ഉൾപ്പെടുത്തിയിട്ടും തങ്ങൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നാണ് എ, ഐ ഗ്രൂപ്പുകൾ പറയുന്നത്.
പുതിയതായി സമിതിയിൽ ഉൾപ്പെട്ടവരിൽ 10 പേരും വേണുഗോപാൽ പക്ഷക്കാരാണെന്നാണ് മറ്റ് ഗ്രൂപ്പുകളുടെ ആക്ഷേപം. എംപിമാരിൽ നാല് പേരെ ഒഴിവാക്കിയതിലും അതൃപ്തി പുകയുന്നുണ്ട്. സമിതിയിലേക്ക് എ ഗ്രൂപ്പ് നൽകിയ പട്ടികയിൽ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ പേരുണ്ടായിരുന്നു. എന്നാൽ ഡീനിനെ നേതൃത്വം പരിഗണിച്ചില്ല. ഇതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്. ഡീനിനെ തഴഞ്ഞതോടെ ഇടുക്കി ജില്ലയിൽ നിന്നും സമിതിയിൽ ആരും ഇല്ലെന്ന സ്ഥിതിയായി. ഇത് യുവാക്കൾക്കിടയിലും എതിർപ്പിന് കാരണമാക്കിയിട്ടുണ്ട്.
മുതിർന്ന നേതാവും തീപ്പൊരി പ്രാസംഗികനുമായ രാജ്മോഹൻ ഉണ്ണിത്താനെയും സമിതിയിൽ ഉൾപ്പെടുത്തിയില്ല എന്നത് ശ്രദ്ധേയമാണ്. വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നിവരാണ് സമിതിയിൽ നിന്നും തഴയപ്പെട്ട മറ്റ് എംപിമാർ.
അതേസമയം സംഘടനാ കാര്യങ്ങളിൽ തിരിഞ്ഞുനോക്കാതെ കാലങ്ങളായി മാറിനിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയും നേതൃത്വത്തിനെതിരേ പരസ്യ വിമർശനം ഉന്നയിക്കുന്ന വി.എം.സുധീരനേയും സമിതിയിൽ ഉൾപ്പെടുത്തി എന്നതാണ് വിചിത്രം. ഇരുവരെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിലയിരുത്തുന്നത്.
പുതിയതായി 13 പേരെ ഉൾപ്പെടുത്തിയപ്പോൾ മൂന്ന് വനിതാ അംഗങ്ങൾക്ക് അവസരം ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി.കെ.ജയലക്ഷ്മി എന്നിവരാണ് സമിതിയിലെ പുതുമുഖങ്ങൾ. നേരത്തെ ഷാനിമോൾ ഉസ്മാനിൽ വനിതാ പ്രാതിനിധ്യം ഒതുങ്ങി നിൽക്കുകയായിരുന്നു.
സമിതി പരിഷ്കരിച്ചപ്പോൾ ജംമ്പോ കമ്മിറ്റിയായി എന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന വിമർശനം. പരമാവധി നാല് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 27 അംഗ സമിതിയാണ് പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അനാവശ്യ കുത്തിനിറയ്ക്കലുകൾ നടത്തി രാഷ്ട്രീയകാര്യ സമിതിയുടെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്നാണ് ചില നേതാക്കളുടെ വിലയിരുത്തൽ.