കോട്ടയം: വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന നികുതി വകുപ്പിലെ ഉദ്യോസ്ഥർക്കും സർക്കാരിനുമെതിരെ ജില്ലയിലെ മുഴുവൻ വ്യാപാരികളും നാളെ കടകൾ അടച്ചു കളക്ടറേറ്റിലേക്കു പ്രതിഷേധ പ്രകടനവും ധർണയും നടത്തും.
വാറ്റ് നിയമം നിലവിലുണ്ടായിരുന്ന കാലയളവിൽ മാസ, വാർഷിക റിട്ടേണുകൾ കൃത്യമായ നൽകുകയും അംഗീകരിക്കുകയും ചെയ്ത വിൽപ്പന നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ വ്യാപാരികളോടു വീണ്ടും കണക്കുകൾ ഹാജരാക്കണമെന്നും വൻതുക നികുതി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു നോട്ടീസ് അയയ്ക്കുകയാണ്.
മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുകയില്ലെന്നു വ്യവസ്ഥ നിലനില്ക്കേയാണു വ്യാപാരികൾക്കു ലക്ഷക്കണക്കിനു രൂപയുടെ മിസ്മാച്ചിംഗ് ഉണ്ടെന്നും നാലു ദിവസത്തിനുള്ളിൽ കണക്കുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലുടെയും വ്യാപാര മാന്ദ്യത്തിലുടെയും കടന്നുപോകുന്ന സാഹചര്യത്തിൽ വിൽപ്പന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കളക്ടറേറ്റ് ധർണയും പ്രകടനവും സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ രാവിലെ 10നു കോട്ടയം ജില്ലാ വ്യാപാര ഭവനിലെത്തിയശേഷം അവിടെനിന്നും പ്രകടനമായി കളക്ടറേറ്റിലെ ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെത്തി ധർണ നടത്തും. ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും.
ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ട്രഷറർ ഇ.സി. ചെറിയാൻ, വൈസ്പ്രസിഡന്റുമാരായ കെ.എച്ച്.എം. ഇസ്മയിൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, വി.എ. മുജീബ് റഹ്മാൻ, പി.സി. അബ്ദുൾ ലത്തീഫ്, സെക്രട്ടറിമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജേന്ദ്രൻ, കെ.എ. വർഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിക്കും.