കരുനാഗപ്പള്ളി: ദളിതര്‍ക്ക് അര്‍ഹമായ പദവികള്‍ നല്‍കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയുമെന്ന് കേരള ദലിത് ഫെഡറേഷന് (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് പറഞ്ഞു.
കെഡിഎഫ് ജില്ലാ നേതൃസമ്മേളനം കരുനാഗപ്പള്ളിയില്‍ ടൗണ്‍ ക്ലബില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയപാര്‍ട്ടികളില്‍ സ്ഥാനമാനത്തിനുവേണ്ടി നേതൃത്വത്തിന്റെ മുന്നില്‍ അപേക്ഷയുമായി കയറിയിറങ്ങുന്നത് അപമാനമാണ്.
ദളിതരുടെ രാഷ്ട്രീയ അധികാരം ആരുടെയെങ്കിലും ദയാദാക്ഷണ്യത്തില്‍ ദാനമായി കിട്ടേണ്ടതല്ല. അര്‍ഹമായത് ലഭിക്കാതെ വരുമ്പോള്‍ അത് പോരാടിതന്നെ നേടേണ്ടിവരും. ഭാരതീയ ജനശക്തിയുടെ അഭിവാജ്യഘടകമായ ദളിതരുടെ വോട്ട് ഇല്ലാതെ ഒരു മണ്ഡലത്തിലും ആര്‍ക്കും ജയിക്കാന്‍ കഴിയുകയില്ല.
ദളിതരെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തി സംഘശക്തി തെളിയിക്കാമെന്ന് ഇനിയുള്ള കാലം ധരിക്കേണ്ടതുമില്ല. ദളിതരുടെ രാഷ്ട്രീയ ബോധത്തേയും ആത്മാഭിമാനത്തേയും വെല്ലുവിളിക്കുന്നവര് എത്ര ഉന്നതരായാലും അംഗീകരിച്ചുകൊടുക്കുവാന്‍ പാടില്ലെന്നും രാമഭദ്രന് പറഞ്ഞു.
കെഡിഎഫ് ജില്ലാ ജനറൽ സെക്രട്ടറി കാവുവിള ബാബുരാജന് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എ.എ.അസീസിനെ ആര്.രാമചന്ദ്രന് എംഎല്‍എ എ.പാച്ചന് ജന്മശതാബ്ദി പുരസ്ക്കാരം നല്കി ആദരിച്ചു. മുൻ എംഎൽഎ റ്റി.നാണുമാസ്റ്റര്‍ , കോയിവിള രാമചന്ദ്രന്, പി.കെ.രാധ, ബോബന്.ജി.നാഥ്, സൂര്യദേവ്, ഇര്ഫാന് ഹനീഫ്, എ.എ.അസീസ്, ശൂരനാട് അജി, ഡോ:കെ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.