കൊല്ലം: നവോഥാന മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന വിരുദ്ധശക്തികളാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ട ായ പരാജയത്തെ ശബരിമലയുമായി ബന്ധപ്പെടുത്തുന്നതെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡന്റും ദലിത് – ആദിവാസി മഹാസഖ്യം രക്ഷാധികാരിയുമായ പി. രാമഭദ്രൻ പറഞ്ഞു.ദലിത് – ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകായിരുന്നു അദ്ദേഹം.
സ്ത്രീ-പുരുഷ സമത്വം അംഗീകരിക്കാത്തവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണ്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവിൽ ദുരാചാരങ്ങളെ നിലനിർത്തുന്നത് സമൂഹത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ട ുപോകുന്നതിന് തുല്യമാണ്. ആചാരവിശ്വാസങ്ങൾ ഹിന്ദുക്കളിലെ ഒരുപിടി വരേണ്യവിഭാഗങ്ങളുടെ മാത്രം കുത്തകയല്ല.
ക്ഷേത്രങ്ങളെ സ്വന്തം നിയന്ത്രണത്തിൽ മാത്രം നിർത്താൻ ആഗ്രഹിക്കുന്നവരാണ് ഇതിന്റെ പിന്നിലുളളത്. ഇക്കൂട്ടരെ ന്യായീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇവർക്ക് പിന്നാലെ ഇടതുപക്ഷം പോകാൻ പാടില്ല. അത് ചരിത്രത്തോട് ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.
ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിൽ ആശങ്കാകുലരായ മതന്യൂനപക്ഷങ്ങൾ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹിച്ചത്. അവരുടെ മുന്നിൽ മറ്റ് ന്യായവാദങ്ങളൊന്നും വിലപ്പോയില്ല.
അതാണ് എൽഡിഎഫിനെ പരാജയത്തിലേക്ക് നയിച്ചതും യുഡിഎഫിന് വൻ വിജയം നേടാൻ ഇടയാക്കി. ഈ രാഷ്ട്രീയയാഥാർഥ്യം മനസിലാക്കാതെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ അടിച്ചേൽപ്പിക്കുന്നത് തികച്ചും അനുചിതവും യുക്തിക്ക് നിരക്കാത്ത നടപടിയുമാണ്.
പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലപാടിനെ ചെറുത്ത്തോൽപ്പിക്കേണ്ട ത് സാമൂഹ്യ-സാന്പത്തിക രംഗത്ത് പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗത്തോട് ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെ ന്ന യാഥാർഥ്യം തിരിച്ചറിയണമെന്ന് നവോഥാന മൂല്യസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ പി. രാമഭദ്രൻ അഭിപ്രായപ്പെട്ടു.
ദലിത് – ആദിവാസി മഹാസഖ്യം സംസ്ഥാന പ്രസിഡന്റും ഐക്യ മലയരയ സഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. സജീവ് അധ്യക്ഷത വഹിച്ചു. മഹാസഖ്യം സംസ്ഥാന ഭാരവാഹികളും അംഗസംഘടനാ നേതാക്കളുമായ നെയ്യാറ്റിൻകര സത്യശീലൻ, കെ.റ്റി. വിജയൻ, സി. ആർ. ദിലീപ് കുമാർ, കെ. മോഹനൻ, വി.കെ. ചെല്ലകുമാർ, റെജി പേരൂർക്കട, സുധീഷ് പയ്യനാട്, അംബികാ പൂജപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.