ഇംഗ്ലണ്ടിനോട് 1-4ന് ടെസ്റ്റ് പരമ്പര കൈവിട്ട് നാട്ടിലേക്ക് മടങ്ങിയ ലോക ഒന്നാം നമ്പര്‍ ടീമിന് പഠിക്കാന്‍ പാഠങ്ങളേറെ. രണ്ടാം ടെസ്റ്റ് ഒഴികെ എല്ലാ മത്സരങ്ങളിലും പൊരുതിയാണ് തോറ്റതെങ്കിലും തോല്‍വി വിജയത്തിനു പകരമാവില്ലെന്നത് വിസ്മരിക്കാനാവില്ല. വിദേശ പര്യടനത്തില്‍ ഒരിക്കല്‍ കൂടി തോല്‍വിയുടെ കയ്പുനീര് രുചിച്ച ഇന്ത്യക്ക് ഈ പരമ്പരയില്‍നിന്നു ധാരാളം പഠിക്കാനുണ്ട്.
നിര്‍ബന്ധമായും കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുക
ഉപഭൂഖണ്ഡത്തിനു പുറത്ത് കളിക്കുമ്പോള്‍ തീര്‍ച്ചയായും കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളിക്കേണ്ടതിന്റെ ആവശ്യം ഇന്ത്യക്കുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ പറയുന്നു. ഇനി വിദേശ പര്യടനങ്ങള്‍ വരുമ്പോള്‍ ഇക്കാര്യം തീര്‍ച്ചയായും ബിസിസിഐയുടെ ഓര്‍മയില്‍ ഉണ്ടായിരിക്കണമെന്നും ഗാവസ്കര്‍ പറയുന്നു.
സെലക്ടര്‍മാരും ടീം മാനേജ്മെന്റും യോജിപ്പിലെത്തണം
സെലക്ടര്‍മാരും ടീം മാനേജ്മെന്റും യോജിപ്പിലെത്തേണ്ടത് അത്യാവശ്യമാണ്. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള കരുണ്‍ നായര്‍ക്ക് സെലക്ടര്‍മാരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞെങ്കിലും ടീം മാനേജ്മെന്റ് കരുണിനെ ടീമിനൊപ്പം ടൂറിനു വന്ന വാട്ടര്‍ബോയിയായി മാത്രമാണ് കണ്ടത്.
ടീം തെരഞ്ഞെടുപ്പ്
ഈ പരമ്പരയില്‍ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യ തുടര്‍ച്ചയായി തെറ്റുകള്‍ വരുത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഫാസ്റ്റ് ബൗളിംഗിന്റെ പറുദീസകളിലൊന്നായ ലോഡ്സില്‍ ഒരു ഫാസ്റ്റ് ബൗളറെക്കൂടി ഉള്‍പ്പെടുത്തേണ്ടതിനു പകരം സ്പിന്നറെ ഇറക്കിക്കളിച്ചത് തന്നെ വലിയ മണ്ടത്തരമായിരുന്നു. പരിക്കേറ്റ സ്പിന്നര്‍ അശ്വിനെ നാലാം ടെസ്റ്റില്‍ ഇറക്കിയതും ടീം സെക്ഷന്റെ പാളിച്ചകള്‍ വ്യക്തമാക്കുന്നതായിരുന്നു.
സ്ലിപ്പിലെ ഫീല്‍ഡിംഗ്
ആദ്യ ടെസ്റ്റില്‍ ഇരു ടീമുകളിലെയും ഫീല്‍ഡര്‍മാര്‍ മത്സരിച്ചാണ് സ്ലിപ്പില്‍ ക്യാച്ചുകള്‍ പാഴാക്കിയത്. എന്നാല്‍ പോരായ്മ മനസിലാക്കിയ ഇംഗ്ലണ്ട് വരും ടെസ്റ്റുകളില്‍ അത് പരിഹരിച്ചെങ്കിലും ഇന്ത്യന്‍ ടീമില്‍ കെ.എല്‍. രാഹുല്‍ ഒഴികെ ആരും ആ പഴയ ട്രാക്കില്‍ നിന്നും ഒരടി വ്യതിചലിച്ചില്ല. അഞ്ചാം ടെസ്റ്റിന്റെ വിധി നിര്‍ണയിച്ചതും ഇന്ത്യ സ്ലിപ്പില്‍ കൈവിട്ട ആ അഞ്ചു ക്യാച്ചുകള്‍ തന്നെയായിരുന്നു.
ഒരു സ്പെഷലിസ്റ്റ് വിക്കറ്റ്കീപ്പര്‍ വേണം
ടെസ്റ്റില്‍ വിക്കറ്റ് കീപ്പിംഗ് ഒരു സ്പെഷലിസ്റ്റിന്റെ ജോലിയാണെന്നും ഈ പരമ്പര ഇന്ത്യയെ പഠിപ്പിച്ചു. ബിര്‍മിംഗ്ഹാമില്‍ ക്യാച്ചുകളില്‍ ഭൂരിഭാഗവും ഋഷഭ് പന്തിന്റെ കൈകളിലേക്കെത്തിയെങ്കിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ താരത്തിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. ഒരു വിക്കറ്റ് കീപ്പര്‍ക്ക് വേണ്ട സാങ്കേതികത്തികവും താരത്തിനുണ്ടായിരുന്നില്ല.
70 ബൈ റണ്ണുകളാണ് താരം വിട്ടുകളഞ്ഞത്. ചിലതൊക്കെ ഏഴടി ഉയരമുള്ള വിക്കറ്റ്കീപ്പര്മാര്ക്കു പോലും തടുക്കാന്‍ സാധിക്കാത്തതാണെങ്കിലും ഇത്രയധികം പിഴവുകള്‍ പൊറുക്കാന്‍ കഴിയാത്തതു തന്നെയാണ്. ഓവലിലെ അവസാന ടെസ്റ്റില്‍ 114 റണ്‍സടിച്ച വെടിക്കെട്ടു പ്രകടനത്തിന്റെ ബലത്തില്‍ പന്തിനെ ഒരു ബാറ്റ്സ്മാനായി മാത്രം പരിഗണിക്കാം.
ലോവര്‍ ഓര്‍ഡര്‍ ബാറ്റിംഗ്
ഈ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുണ്ടായിരുന്ന കാതലായ വ്യത്യാസം ലോവര്‍-മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗിലായിരുന്നു. ഇന്ത്യയുടെ ലോവര്‍-മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയ പന്ത്, കാര്‍ത്തിക്, പാണ്ഡ്യ, അശ്വിന് എന്നിവരെ നാണിപ്പിക്കുന്ന പ്രകടനമായിരുന്നു സ്റ്റോക്സ്, ബട്ലര്, കരന്, വോക്ക്സ് എന്നിവരുള്‍പ്പെട്ട ഇംഗ്ലീഷ് ലോവര്‍-മിഡില്‍ ഓര്‍ഡര്‍ നടത്തിയത്.
അതും നിര്‍ണായക ഘട്ടങ്ങളില്‍. ഇംഗ്ലണ്ട് നിരയില്‍ ഏഴാമനായി ഇറങ്ങിയ ജോസ് ബട്ലര് 349 റണ്‍സുമായി അവരുടെ ടോപ് സ്കോററുമായി. ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ ഇറങ്ങിയ ആദില്‍ റഷീദും സ്റ്റുവര്‍ട്ട് ബ്രോഡും വരെ ഏറ്റവും കുറഞ്ഞത് ഒരിന്നിംഗിസിലെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തു.
ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനം
പരമ്പരയില്‍ ആറാം നമ്പറില്‍ ഇറങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബിര്‍മിംഗ്ഹാമിലെ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം(18& 52, 5/28 & 1/22) പുറത്തെടുത്തെങ്കിലും പിന്നീട് പ്രതീക്ഷയ്ക്കൊത്തുയരാന്‍ താരത്തിനായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 30നടുത്ത് ആവറേജുള്ള മറ്റേതു കളിക്കാരനെയും പോലെ പാണ്ഡ്യയെ എട്ടാം നമ്പരില്‍ ഇറക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം.
ബാറ്റിംഗിലെ സാങ്കേതികത്വത്തിന്റെ പോരായ്മ
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് പ്രതിരോധത്തില്‍ കൂടുതല്‍ സാങ്കേതികത്തികവ് ആര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്. ക്യാപ്റ്റന്‍ കോഹ് ലി ഒഴികെ മറ്റൊരു ബാറ്റ്സ്മാനും സ്ഥിരമായി സാഹചര്യങ്ങളെ അതിജീവിക്കാനായില്ല. സാഹചര്യം മനസ്സിലാക്കി കളിക്കുന്നതില്‍ ഇന്ത്യന്‍ മുന്നേറ്റനിര അമ്പേ പരാജയപ്പെട്ടു.
നേതൃത്വത്തില്‍ കൂടുതല്‍ മികവ് ആവശ്യം
പരമ്പരയില്‍ കോഹ് ലിയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ പോന്ന ഏക കാര്യം ക്യാപ്റ്റന്‍സിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണെങ്കില്‍ പോലും എതിരാളികളെ വീഴ്ത്താനാവശ്യമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ കോഹ് ലി പരാജയപ്പെട്ടു എന്നു പറയാം. ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തു നില്‍പ്പ് കോഹ് ലിയുടെ ഫീല്‍ഡിംഗ് തന്ത്രങ്ങളുടെ പോരായ്മയായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാവരുടെയും വിശ്വാസ്യത നേടിയെടുക്കാനും കോഹ് ലി ശ്രദ്ധിക്കേണ്ടതുണ്ട്.