തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പട്ടിയെ കുളിപ്പിക്കാനും കീഴ്ജീവനക്കാർ. ബറ്റാലിയൻ എഡിജിപിയായിരിക്കെ നിതിൻ അഗർവാളാണ് ഡോഗ് സ്ക്വാഡ് അംഗങ്ങളെ വീട്ടിൽ വിളിച്ചുവരുത്തി പട്ടിയെ കുളിപ്പിച്ചത്. നാലുമാസം മുന്പുള്ള ദൃശ്യങ്ങളാണ് ചാനലുകൾ പുറത്തുവിട്ടത്.
എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധ തന്നെ മർദിച്ചെന്ന് പോലീസ് ഡ്രൈവറായ ഗവാസ്കർ പരാതിപ്പെട്ടതോടെയാണ് വിഷയം വാർത്തകളിൽ നിറയുന്നത്. പിന്നാലെ എഡിജിപിക്കെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാന്പ് ഫോളോവേഴ്സ് രംഗത്തെത്തി. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാന്പ് ഫോളോവർ ആരോപിച്ചു. സംഭവം വിവാദമായതോടെ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം സുധേഷ് കുമാറിന് നൽകിയിട്ടില്ല.
എസ്എപി ഡെപ്യൂട്ടി കമൻഡാന്റിന്റെ വീട്ടിലെ പണിക്ക് ദിവസവതനക്കാരായ ക്യാന്പ് ഫോളോവേഴ്സിനെ നിയോഗിച്ചതായും ആരോപണം ഉയർന്നിരുന്നു. പേരൂർക്കട എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിന്റെ വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ ദിവസവതനക്കാരായ പോലീസുകാരെ നിയോഗിച്ചെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വാഹനങ്ങളുടെ കണക്കും ആവശ്യപ്പെട്ടിരുന്നു.