സ്വന്തം ലേഖകൻ
തൃശൂർ: പ്രളയത്തേക്കാൾ ഭീകരമാണ് ഗുണ്ടാപ്പിരിവിനെ വെല്ലുന്ന സർക്കാരിന്റെ പ്രളയപ്പിരിവ്. സർക്കാരിന്റെ വിവിധ വകുപ്പുകളാണു ഒന്നാം സ്ഥാനത്തിനു മൽസരിച്ച് കച്ചവടക്കാരെ പിഴിയുന്നത്. ഒരേ വ്യാപാരിയിൽനിന്ന് പല ഡിപ്പാർട്ടുമെന്റുകൾ ഭീഷണിപ്പിരിവു നടത്തുന്നു. പതിനായിരം മുതൽ ലക്ഷം രൂപവരെയാണ് ഓരോ ഡിപ്പാർട്ടുമെന്റും ചോദിച്ചിരിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകൾക്കു സർക്കാർ നൽകിയ ടാർജറ്റ് നേടിയെടുക്കാനാണ് ഭീഷണിപ്പിരിവ്. നിർബന്ധപ്പിരിവിനെതിരെ ഹൈക്കോടതി തന്നെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും വകുപ്പു മേധാവികൾ അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാടിലാണ്.
ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം, കെഎസ്ഇബി, തൊഴിൽ വകുപ്പ് എന്നിങ്ങനെ മൂന്നു വകുപ്പുകളാണ് ഭീമമായ തുക ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം നിലയിലും ഹോട്ടലുടമകളുടെ സംഘടനാതലത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും നിധിയിലേക്കു സംഭാവന നൽകുകയും ചെയ്തവരെയാണു വീണ്ടും പിഴിയുന്നത്.
റേഷൻ വ്യാപാരികളെയും വെറുതേ വിടുന്നില്ല. സിവിൽ സപ്ലൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും അളവുതൂക്ക വകുപ്പുമെല്ലാമാണ് റേഷൻ വ്യാപാരികളെ കൊള്ളയടിക്കുന്നത്.
ദുരിതാശ്വാസ ഫണ്ടിലേക്ക് ഏറ്റവുമധികം തുക നൽകിയെന്ന കേമത്തരത്തിനായാണ് സർക്കാർ ഡിപ്പാർട്ടുമെന്റുകളും നഗരസഭകൾ അടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളും ഇങ്ങനെ പകൽക്കൊള്ള നടത്തുന്നത്.
പണം തന്നില്ലെങ്കിൽ റെയ്ഡ് നടത്തി കട പൂട്ടിക്കുമെന്നാണ് ഓരോ ഡിപ്പാർട്ടുമെന്റിന്റെയും തലപ്പത്തുള്ളവരുടെ ഭീഷണി. ഗതികെട്ട ഹോട്ടലുടമകൾ പരാതിയുമായി മന്ത്രിമാരായ ഇ.പി. ജയരാജൻ, വി.എസ്. സുനിൽകുമാർ എന്നിവരെ സമീപിച്ചിരുന്നു. നിർബന്ധ പിരിവ് ഇല്ലെന്നാണ് മന്ത്രിമാരുടെ പ്രതികരണം. മറ്റു മേഖലകളിലുളള വ്യാപാരികളും വ്യവസായികളും ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിമാരെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾ നിർബന്ധപ്പിരിവിന് ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാടാണ് എല്ലാവരും കൈക്കൊണ്ടത്.
ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ നൽകാത്തവർക്കു പണികിട്ടുമെന്നു ഭയന്ന് മിക്കവരും പണംകൊടുത്ത് തലയൂരുകയാണ്. എന്നാൽ പണം ആവശ്യപ്പെട്ട് ഒന്നിലേറെ വകുപ്പുകൾ സമ്മർദം ചെലുത്തിയതാണ് തങ്ങളെ പ്രതിസന്ധിയിലാക്കുന്നതെന്നു കച്ചവടക്കാരും ഹോട്ടലുടമകളും പറയുന്നു.