കടുത്തുരുത്തി: തൊഴിലാളികളെ കിട്ടാനില്ല; മുട്ടുചിറ ഗവ. യുപി സ്കൂൾ പരിസരത്തെ കാടുവെട്ടിയത് സ്കൂളിലെ പ്രധാനാധ്യാപകൻ. പാന്റും ഷർട്ടും മാസ്ക്കും ധരിച്ചു യന്ത്രമുപയോഗിച്ചു പുല്ലുവെട്ടുന്നത് ശ്രദ്ധയിൽപെട്ട് അടുത്തെത്തിയപ്പോഴാണ് നാട്ടുകാർ ആളെ കണ്ട് ഞെട്ടിയത്.
സ്കൂളിലെ പ്രധാനാധ്യാപകനായ കെ.പ്രകാശനാണ് സ്കൂൾ പരിസരത്തെ പുല്ല് വെട്ടാനിറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് വളർന്ന പുല്ല് വെട്ടാൻ ആളെ കിട്ടാതായതോടെ കഴിഞ്ഞ പ്രവേശനോത്സവത്തിനു മുന്‍പ് ഇദ്ദേഹം പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് പുല്ലും കാടും പടലങ്ങളും മുറിച്ചു നീക്കിയിരുന്നു. പുല്ലു വെട്ടുകാരനെ കിട്ടതെ വന്നതോടെയാണ് അധ്യാപകൻ സ്വയം, തൊഴിലാളിയുടെ വേഷമിട്ടത്. അതോടെ പുല്ലുവെട്ടുകാരനു സ്കൂളിൽ നിന്നും മുൻ വർഷങ്ങളിൽ ഒരു തവണ പുല്ലു വെട്ടുന്നതിനു നൽകിയിരുന്ന 4,300 രൂപ ലാഭം കിട്ടി.
സ്കൂളും പരിസരവും വൃത്തിയാക്കണമെന്നു സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം വരുന്നതിനു മുന്‍പേ പ്രകാശൻ സാർ സ്കൂൾ പരിസരത്തെ പുല്ലുവെട്ടി മാറ്റിയിരുന്നു. മൂന്നുമാസം കൂടുന്പോഴും ഇദേഹം സ്വന്തമായി ഇങ്ങനെ ചെയ്യുന്നുണ്ട്. ഇനി 7500 രൂപ കൂടിയായൽ പുല്ലരിയൽ യന്ത്രം സ്വന്തമായി സ്കൂളിലേക്കു വാങ്ങാനുള്ള നീക്കത്തിലാണ് ഇദേഹം. 2016 ൽ പ്രകാശൻ സാർ ഈ സ്കൂളിൽ പ്രഥമാധ്യാപകനായി ചാർജെടുക്കുന്പോൾ സ്കൂളിൽ ആകെയുണ്ടായിരുന്ന ഒന്‍പത് ആണ്‍കുട്ടികൾ മാത്രമായിരുന്നു.
മൂത്തമകൾ തീർഥയെ താൻ പഠിപ്പിക്കുന്ന സ്കൂളിൽ ചേർത്ത് മാതൃകയായ അധ്യാപകന്റെ ഇളയ മകൾ പ്രാർഥന ഇപ്പോൾ ഇവിടുത്തെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. വിശുദ്ധ അൽഫോൻസാമ്മ പഠിച്ച, 112 വർഷത്തെ പാരന്പര്യമുള്ള സ്കൂളാണ് മുട്ടുചിറ ഗവ. യുപി സ്കൂൾ.
പ്രകാശൻ സാറിന്റെ പരിശ്രമത്തെ തുടർന്ന് സ്കൂളിൽ ഇപ്പോൾ പെണ്‍കുട്ടികൾ ഉൾപ്പെടെ മൂന്നു ക്ലാസുകളിലായ 46 കുട്ടികളായി. സ്കൂളിന് ആകെയുള്ള 61 സെന്റ് സ്ഥലത്തിൽ കെട്ടിടങ്ങൾ കഴിച്ചുള്ള സ്ഥലങ്ങളിൽ തുളസീവനം, ശലഭോദ്യാനം, മത്സ്യകൃഷി, മൂന്നുതരം നെൽകൃഷി, പച്ചക്കറി തോട്ടം, ഒൗഷധത്തോട്ടം എന്നിവയും ഉണ്ടാക്കിയിട്ടുണ്ട്. കലാ-കായിക രംഗത്തും സ്കൂളിലെ കുട്ടികൾ മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്.