കടുത്തുരുത്തി: കൂട്ടുകൂടി ലഹരി ഉപയോഗിച്ച ശേഷം കുഴഞ്ഞു വഴിയിൽ കിടന്ന വിദ്യാർഥികൾ നാട്ടുകാരെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമം. ഓട്ടത്തിനിടെ തീർത്തും അവശതയിലായിരുന്ന ഒരാൾ വീണു പോയതോടടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കടുത്തുരുത്തി വലിയ പാലത്തിന് സമീപമാണ് സംഭവം.
കടുത്തുരുത്തിക്ക് സമീപത്തെ ഒരു സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയാണ് മദ്യലഹരിയിൽ പോലീസിന്റെ പിടിയിലായത്. പാലത്തിന് സമീപം ആപ്പുഴ തീരദേശ റോഡിനോട് ചേർന്നുള്ള പറന്പിലാണ് വിദ്യാർഥിസംഘം ലഹരി ഉപയോഗത്തിന് ശേഷം വീണു കിടന്നത്.
നാട്ടുകാർ ശ്രദ്ധിക്കുന്നത് കണ്ടതോടെ സംഘത്തിലെ ചില വിദ്യാർഥികൾ വീണു കിടന്നവരെ ഉൾപ്പെടെ വലിച്ചെഴുന്നേൽപ്പിച്ചു പാലത്തിലൂടെ ഓടുകയായിരുന്നു. ഇതിനിടെയാണ് തീർത്തും അവശതയിലായിരുന്ന ഒരാൾ മുന്നോട്ട് നീങ്ങാനാവാതെ വീണതോടെ പാലത്തിലെ വലയിൽ പിടിച്ചു നിന്നത്. ഇതോടെ ഒപ്പമുണ്ടായിരുന്നവർ സുഹൃത്തിനെ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ പിടിയിലായ വിദ്യാർഥിക്കു നേരേ അസഭ്യവർഷം നടത്തിയ ശേഷമാണ് സുഹൃത്തുക്കൾ ഓടിപ്പോയത്.
നിൽക്കാൻ പോലുമാവാത്ത വിദ്യാർഥിയെ നാട്ടുകാർ പിടിച്ചു ഇവിടെ തന്നെയുള്ള കടയുടെ സമീപത്ത് ഇരുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിരമറിയിച്ചു. എസ്ഐ സമദ്, എസ്ഐ ജയറാം എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ തലയിൽ വെള്ളമൊഴിക്കുകയും കുടിക്കാൻ മോര് നൽകുകയും ചെയ്തതോടെയാണ് സംസാരിക്കാവുന്ന അവസ്ഥയിലേക്കു വിദ്യാർഥിയെത്തിയത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സ്കൂളിലെ വിദ്യാർഥിയാണെന്നും കടുത്തുരുത്തി പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ് വിദ്യാർഥിയുടെ വീടെന്നും മനസിലായത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ കയറ്റി വിദ്യാർഥിയെ വീട്ടിലെത്തിക്കുകയായിരുന്നു. വിദ്യാർഥി പഠിക്കുന്ന സ്കൂൾ അധികൃതരെയും പോലീസ് വിവരങ്ങൾ ധരിപ്പിച്ചു.
വിദ്യാർഥിക്കൊപ്പമുണ്ടായിരുന്ന മറ്റു സംഘാംഗങ്ങളെ കണ്ടെത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. വലിയതോടിന് സമീപത്താണ് ലഹരിയുടെ പിടിയിലമർന്ന വിദ്യാർഥി സംഘത്തെ ആദ്യം കണ്ടത്. ഈ അവസ്ഥയിൽ വിദ്യാർഥികൾ തോട്ടിൽ വീണിരുന്നെങ്കിൽ വലിയ ദുരന്തത്തിനാവും പിന്നീട് നാട് സാക്ഷ്യം വഹിക്കേണ്ടി വരിക. വിദ്യാർഥികളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് ഇന്നലത്തെ സംഭവമെന്നതും ശ്രദ്ധേയമാണ്.