കടുത്തുരുത്തി: എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.
കാട്ടാമ്പാക്ക് ഇല്ലിച്ചുവട് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് ചാരായവും അനുബന്ധ സാമഗ്രികളുമായി രണ്ടുപേര്‍ പിടിയിലായത്.
കാട്ടാമ്പാക്ക് മലയില്‍ എബ്രാഹം, ആവിയില്‍ ജിജോമോന് എന്നിവരാണ് പിടിയിലായത്. രണ്ട് ലിറ്റര്‍ ചാരായം, 80 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.
ഇന്‍സ്പെക്ടര്‍ രാഗേഷ് ബി.ചിറയാത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ലോക്ഡൗണ്‍ കാലത്ത് മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ വില്‍പ്പനയ്ക്കായാണ് ഇവര്‍ വാറ്റ് നടത്തിയത്.
നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവരില്‍ നിന്നും പ്രഷര്‍ കുക്കറുകള്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കുറ്റി, കന്നാസുകള്‍ മുതലായവയും കണ്ടെടുത്തു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഹരീഷ് ചന്ദ്രന്, സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജിത്, അഖില്‍, അശോക് ബി നായര്‍, ധന്യാമോള്‍ എന്നിവര്‍ പങ്കെടുത്തു.