കൊല്ലം: കാർഷിക ഭൂപരിഷ്കരണ നിയമത്തിൽ നിശ്ചയിച്ചിട്ടുള്ള ഭൂപരിധിയിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ബികെഎംയു ദേശീയ പ്രസിഡന്റ് കെ.ഇ.ഇസ്മയിൽ ആവശ്യപ്പെട്ടു. ബികെഎംയുവിന്റെ കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1957 ലെ കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണ നിയമം തയാറാക്കിയപ്പോഴുള്ള സാമ്പത്തിക സാമൂഹ്യ സാഹചര്യമല്ല ഇന്ന് നിലനിൽക്കുന്നത്. അന്ന് ഭൂപരിധി നിശ്ചയിച്ചത് 15 ഏക്കറാണ്. 1969ൽ അച്യുതമേനോൻ സർക്കാർ ബിൽ നടപ്പാക്കിയപ്പോഴും അതിൽ മാറ്റം വരുത്തിയില്ല. ഇന്ന് ജനസാന്ദ്രതയും, ജനസംഖ്യയും വർധിച്ചു. ഭൂമിയുടെ ലഭ്യത വല്ലാതെ കുറഞ്ഞു. രണ്ട് ലക്ഷം കുടുംബങ്ങൾ ഭൂമിയോ വീടോ സ്വന്തമായി ഇല്ലാതെ വിഷമിക്കുന്നു.
ജന്മിത്തത്തിനും നാടുവാഴിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും ഒക്കെ എതിരായി പോരാടിയത് കുടിയാളന്മാരോടൊപ്പം കർഷക തൊഴിലാളികളാണ്. എന്നാൽ ആ കർഷകതൊഴിലാളികൾക്ക് അവഗണനയാണ് ഇപ്പോഴും. ഭൂമിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഭൂപരിധിയിൽ പുനർനിർണയം വേണം. പതിനഞ്ചേക്കറിൽ നിന്ന് പത്തേക്കറായി പരിധി നിർണയിക്കണമെന്നാണ് ബികെഎംയുവിന്റെ ആവശ്യം.
ഭൂപരിധി നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അക്കാലത്ത് ഭൂമിയിൽ ഗണ്യമായ ഭാഗം തോട്ടമാക്കി. അതുകൊണ്ട് തോട്ടം ഭൂമിക്കും ഭൂപരിധി നിശ്ചയിക്കണം. പരിധിയിൽ കവിഞ്ഞ തോട്ടം ഭൂമി, ഭൂരഹിതർക്കും കർഷകതൊഴിലാളിക്കും പതിച്ചു നൽകണമെന്നും കെഇ ആവശ്യപ്പെട്ടു.
കർഷക തൊഴിലാളികളെ സഹായിക്കാൻ കൊണ്ടുവന്ന കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കർഷകതൊഴിലാളി പെൻഷൻ ഇനത്തിൽ ഒരു പൈസ കൊടുത്തില്ല. ഈ ഇനത്തിൽ 250 കോടി രൂപ കുടിശികയുണ്ട്.
അടിയന്തിരമായി 250 കോടി രൂപ കർഷക തൊഴിലാളി പെൻഷനുവേണ്ടി നൽകണം. മുഖ്യമന്ത്രിയോട് ഇക്കാര്യം അഭ്യർഥിച്ചപ്പോൾ അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചത്. കർഷകതൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഈ സർക്കാരിന്റെ മുൻഗണനാപട്ടികയിലുള്ളത്. മുഖ്യമന്ത്രി പറഞ്ഞതിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.
കർഷകതൊഴിലാളി പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം. ഏറ്റവും കുറഞ്ഞത് പെൻഷൻ 3000 രൂപയെങ്കിലും ആക്കണം. ഘട്ടംഘട്ടമായിട്ടാണെങ്കിലും ഇത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.കെ എൻ വാസവൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ, കശുവണ്ടി തൊഴിലാളി കേന്ദ്രകൗൺസിൽ ജനറൽ സെക്രട്ടറി ജി ലാലു, ജോബോയ് പെരേര, ജെ ചിഞ്ചുറാണി, ആർ വിജയകുമാർ, ദിനേശ്ബാബു, സദാനന്ദൻപിള്ള, സുകേശൻ, ആർ ഗോപാലകൃഷ്ണപിള്ള, അയത്തിൽ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾ ജില്ലാപഞ്ചായത്ത് ഓഫീസിന് മുന്നിൽ കേന്ദ്രീകരിച്ചശേഷം പ്രകടനമായിട്ടാണ് കളക്ട്രേറ്റിന് മുന്നിലെത്തിയത്.