മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന താൻ ഒന്നിനെയും ഭയക്കുന്നില്ലെന്നും പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടുമെന്നും സമാപനദിവസമായ ഞായറാഴ്ച സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിക്കവെ ഇസ്മയിൽ വ്യക്തമാക്കി.
തനിക്കെതിരേ ആരോപണങ്ങൾ നിരത്തുന്ന കണ്ട്രോൾ കമ്മീഷന്റെ റിപ്പോർട്ട് ഹൃദയത്തിൽ സ്വീകരിക്കാതിരുന്ന പാർട്ടി അംഗങ്ങൾക്കു നന്ദി. മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ആളാണ് താൻ. ഒന്നിനെയും ഭയക്കുന്നുമില്ല. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ നാളെ തിരിച്ചറിയപ്പെടും. പാർട്ടിക്കു മീതെ പറക്കുന്നവരെ കാലം തോൽപ്പിക്കും. പാർട്ടിക്കു പോറൽ പോലും ഏൽപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇസ്മയിൽ പറഞ്ഞു.
തനിക്കെതിരേ വിവാദമുണ്ടാക്കുന്നവർ പാർട്ടി ശത്രുക്കളാണെന്നും അതുകൊണ്ടെന്നും പാർട്ടിയെ തകർക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നേരെ ഒളിയന്പെയ്ത് ഇസ്മയിൽ വ്യക്തമാക്കി. വിവാദങ്ങൾക്കിടെയും ഒപ്പം നിന്നവർക്ക് അദ്ദേഹം നന്ദിയും പ്രകടിപ്പിച്ചു.