തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐയിൽ പോര് മുറുകുന്നു. മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ വിമർശിച്ച പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നടപടിയെ പാടെതള്ളി സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഇസ്മയിലിന് സംഘടനാ രീതികളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള പ്രതികരണത്തിന് കാരണമെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്തെത്തി.
ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നതടക്കമുള്ള വാക്കുകൾ ജാഗ്രതക്കുറവ് മൂലമുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയിൽ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാർ കാബിനറ്റ് യോഗം ബഹിഷ്കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡിന് താൻ എംപിയായിരുന്നപ്പോൾ ഫണ്ട് അനുവദിച്ചത് പാർട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ താൻ ഇതുവരെ പോയിട്ടില്ലെന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുമില്ലെന്നും കെ.ഇ.ഇസ്മയിൽ വിശദീകരിച്ചിരുന്നു.