തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ കീം പ്രവേശന പരീക്ഷാ നടപടികൾ ജനുവരിയിൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓണ്‍ലൈൻ അപേക്ഷയോടൊപ്പം തന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്സി/എസ്ടി വിഭാഗക്കാർക്ക് മാത്രം) നോണ്‍ – ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി/ഒഇസി/മിശ്ര വിവാഹിതരുടെ മക്കൾക്ക്), വരുമാന സർട്ടിഫിക്കറ്റ് (എസ്സി/എസ്ടി/ഒഇസി വിഭാഗക്കാർക്ക ഒഴികെയുള്ള ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർക്ക്), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റിൽ ജനനസ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം) എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതാണെന്നും നിർദേശിക്കുന്ന സമയത്ത് അവ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണെന്നും ഇതിനോടകം അറിയിപ്പ് നൽകിയിട്ടുണ്ട്.
ഓണ്‍ലൈൻ അപേക്ഷയോടൊപ്പം നിശ്ചിത തീയതിക്കകം ഓണ്‍ലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ മാത്രമേ സംവരണാനുകൂല്യം അനുവദിക്കുന്നതിന് പരിഗണിക്കുകയുള്ളൂ എന്നതിനാൽ ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിലെ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും ഓണ്‍ലൈൻ അപേക്ഷ ക്ഷണിക്കുന്ന സമയം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഓണ്‍ലൈൻ അപേക്ഷയുടെയോ സർട്ടിഫിക്കറ്റുകളുടെയോ ഒറിജിനൽ/പ്രിന്റൗട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേയ്ക്ക് അയയ്ക്കേണ്ടതില്ല.
എൻആർഐ ന്യൂനപക്ഷ വിഭാഗം അപേക്ഷകർക്ക് ജനുവരിയിൽ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്.ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നും മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഇ-ഡസ്ട്രിക്ട് സർട്ടിഫിക്കറ്റും സ്വീകരിക്കുന്നതാണ്.ഹെൽപ് ലൈൻ നന്പരുകൾ: 0471 2339101, 2339102, 2339103, 2339104.