കേരളത്തിന്റെ സാമ്പത്തിക നില ദിനംപ്രതി പരുങ്ങലിലായിരിക്കുമ്പോഴും കെ-റെയില്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ പദ്ധതി.
ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ക്ക് വായ്പ എടുത്തു മുന്നോട്ടു പോകുന്ന കേരളത്തിന്റെ കാര്യങ്ങളെല്ലാം അവതാളത്തില്‍ ആക്കുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഇടപെടല്‍.
സാമ്പത്തികവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല.
എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം തുടരുന്നതാണ് കാരണം. കിഫ്ബി വായ്പയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളിലും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇതിനെ എതിര്‍ത്ത് കേരളം രംഗത്തെത്തി.
കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതോടെ വായ്പ എടുക്കുന്നതില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്.
ഈ 2000 കോടിയും കേരളത്തിന്റെ ആകെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. വായ്പ മുടങ്ങിയാല്‍ ശമ്പള- പെന്ഷന് വിതരണത്തിലും പ്രതിസന്ധിയേറും എന്നതാണ് വസ്തുത.
കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര സാമ്പത്തികപ്രതിസന്ധിയിലാണ് സംസ്ഥാനം.
അനുമതി ഇനിയും നീണ്ടാല്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.
കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടവും സര്‍ക്കാരിന്റെ കടമായി കണക്കാക്കണമെന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശം. ഇത് ഉള്‍പ്പെടുത്താനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
കണക്കിലെ പൊരുത്തക്കേടിനെപ്പറ്റിയും കോവിഡ്കാലത്ത് അനുവദിച്ച അധികവായ്പവിനിയോഗത്തെപ്പറ്റിയും കേന്ദ്രം വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഇതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും വായ്പയെടുക്കാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഇനിയും വൈകിയാല്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരംതേടാനാണ് തീരുമാനം.
32,425 കോടി രൂപയാണ് സാമ്പത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്.
റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍.ഐ.സി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും.
റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19-ന് (1000 കോടിരൂപ) ,മെയ് രണ്ട് (2000 കോടിരൂപ) മെയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു.
കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കടമെടുക്കാന്‍ അതത് സമയം കേന്ദ്രാനുമതി വേണം. 25 ലക്ഷത്തിലധികമുള്ള തുകയുടെ ബില്ലുകള്‍ ട്രഷറിയില്‍നിന്ന് മാറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസേനയുള്ള സാമ്പത്തികസ്ഥിതി വിലയിരുത്തി താത്കാലിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.
സര്‍ക്കാര്‍വകുപ്പുകള്‍ ഉപയോഗിക്കാതെ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന പണം പൊതുകണക്കില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ വായ്പപ്പരിധി വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം തീരുമാനിച്ചിരുന്നു.
ഈ പണം തിരിച്ചെടുത്ത് കണക്കുകള്‍ ക്രമീകരിച്ചായിരുന്നു അന്ന് സര്‍ക്കാര്‍ വായ്പപ്പരിധി പുനഃസ്ഥാപിച്ചത്.
അതേസമയം കേന്ദ്രത്തെ അറിയിക്കുന്ന വായ്പ സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടായാല്‍ അത് കൈകാര്യം ചെയ്യുന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര ധനസെക്രട്ടറി ടി.വി. സോമനാഥന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.
വിവരം തെറ്റാണെങ്കില്‍ കണക്ക് കൈകാര്യംചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദ്ദേശം.
ആന്ധ്രാപ്രദേശ്, ഹരിയാന, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയ്ക്കാണ് ഇതിനകം കടമെടുക്കാന്‍ അനുമതി ലഭിച്ചത്. കേരളത്തിനൊപ്പം മറ്റുചില സംസ്ഥാനങ്ങളോടും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.
എന്തായാലും നിലവിലെ സാഹചര്യം കേരളത്തിന് അത്ര പ്രതീക്ഷ നല്‍കുന്നതല്ല. പ്രത്യേകിച്ച് കെ-റെയിലിനു വേണ്ടി ഒരു ലക്ഷം കോടി കടമെടുക്കാനുള്ള പദ്ധതിയുള്ളപ്പോള്‍…