നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ ജിന്സന് രാജയ്ക്ക് ശിക്ഷ കിട്ടാന്‍ സാധ്യതയില്ലെന്നു സൂചന. മാതാപിതാക്കളക്കം നാലുപേരെ കൊന്നു തള്ളിയ ഇയാളുടെ മാനസിക നില അത്ര ശരിയല്ലെന്ന വാദം കോടതി ഏറെക്കുറെ അംഗീകരിച്ച മട്ടാണ്. കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു കഴിഞ്ഞു. കേഡല്‍ സ്വബോധത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണിത്.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചികില്‍സാ വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ടുകളായി വിഷയം കോടതിയെ ബോധിപ്പിക്കണം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി തള്ളി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.കെജെ നെല്‍സണ്‍, കേഡലിന് സ്കീസോഫ്രീനിയ(ചിത്തഭ്രമം)യാണെന്ന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി പരിഗണിച്ചാണ് കോടതിയുടെ നടപടി. എന്നാല്‍ ഇയാള്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ കാണിക്കുന്ന തന്ത്രമാണിതെന്ന് പോലീസിനു സംശയമുണ്ട്. കേസ് ഓഗസ്റ്റ് 31ന് വീണ്ടും കോടതി പരിഗണിക്കും. ഈ സമയത്ത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. കേഡലിന് ചിത്തഭ്രമമാണെന്നും ഇത്തരം രോഗികള്‍ സ്വപ്നലോകത്താകുമെന്നുമാണ് ഡോക്ടര്‍ പറയുന്നത്. അവര്‍ എന്തു ചെയ്യുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടാകില്ലെന്നും ഡോക്ടര്‍ പറയുന്നു. ചികില്‍സ നടക്കുന്നതിനാല്‍ ഇനി പ്രതിയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല.
കേഡലിന്റെ മാനസികാരോഗ്യ നില മെച്ചപ്പെട്ടാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ ഉപകാരപ്പെടുകയുള്ളൂ. ഇതിന് ഡോക്ടറുടെ അനുമതിയോടു കൂടി മാത്രമേ ഇതു സാധ്യമാകൂ. ചികിത്സാ പുരോഗതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും അടുത്ത നടപടി.കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത്.ദിവസങ്ങള്‍ക്ക് ശേഷം പിടിയിലായ ഇയാള്‍ വ്യത്യസ്തമായ മൊഴികള്‍ നല്‍കിയത് പോലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ഇയാള്‍ സ്വബോധത്തില്‍ സംസാരിക്കുന്നുമുണ്ട്. മുമ്പും പലതവണ പ്രതി വീട്ടുകാരെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. കുടുംബാംഗങ്ങളെ വെട്ടിനുറുക്കിയാണ് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഇവരെ വിഷം കൊടുത്ത് കൊല്ലാനും ശ്രമിച്ചിരുന്നു. കേഡലിന്റെ അമ്മ ഡോ. ജീന്‍ പത്മ, ഭര്‍ത്താവ് രാജ തങ്കം, മകള്‍ കരോലിന്, അമ്മയുടെ സഹോദരി ലളിത എന്നിവരെയാണ് കേഡല്‍ ദാരുണമായി കൊലപ്പെടുത്തിയത്.
മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലും. കേഡലിന്റെ പരസ്പരവിരുദ്ധമായ സംസാരവും മാനസിക പ്രശ്നമുണ്ടെന്ന സംശയത്തിന് ബലം കൂട്ടിയിരുന്നു. സാത്താന് സേവയുടെ ഭാഗമായാണ് കൊല നടത്തിയതെന്ന് ആദ്യം പറഞ്ഞ കേഡല്‍ പിന്നീട് വീട്ടിലെ അവഗണന മൂലമാണ് കൊല നടത്തിയതെന്ന് മൊഴി മാറ്റിപ്പറഞ്ഞു. അച്ഛന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിനാലാണ് കൊന്നതെന്നുമായിരുന്നു അവസാനത്തെ മൊഴി. യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. പ്രതിയെ മനപ്പൂര്‍വം മാനസികരോഗിയായി ചിത്രീകരിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടോയെന്നും പോലീസിന് സംശയമുണ്ട്.