ഇളംപ്രായത്തിൽ തന്നെ സ്വരമാധുരി കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു ആൺകുട്ടിയും അവന്റെ കുഞ്ഞനുജത്തിയും. സ്വരമാധുര്യം കൊണ്ട് ഹൃദയ തന്ത്രികൾ മീട്ടി അവർ പാടുന്ന ഗാനം എല്ലാവരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്രയും ഹൃദയസ്പർശിയായാണ് ആ ജേ്യഷ്ഠന്റെയും അനുജത്തിയുടെയും പാട്ട്.
ചെമ്പൻതൊട്ടി സെന്റ് ജോർജ് പള്ളിയിലെ ഒരു കല്യാണ കുർബാന സ്വീകരണ വേളയിൽ ചുഴലി സ്വദേശികളായ കേദാർ നാഥിന്റെയും അനുജത്തി കാർത്തികയെന്ന കാത്തുകുട്ടിയുടെയും പാട്ടാണ് ലോകത്തെമ്പാടുമുള്ളവർ പങ്കുവച്ചത്. കേദാർ നാഥിന് പ്രായം 11. കാത്തുകുട്ടി ക്ക് അഞ്ച് വയസ്. ദിവ്യബലി മധ്യേയുള്ള ആരാധന ഗീതങ്ങൾ മധുരമുള്ള ശബ്ദത്താൽ ആലപിച്ച് ദിവ്യബലി കൂടുതൽ ഭക്തി സാന്ദ്രമാക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ടെങ്കിലും ഈ സഹേദരങ്ങളുടെ പാട്ടുകൾ എല്ലാവരും ഏറ്റെടുത്തു.
ഒരു വർഷം മുമ്പ് ഫാ. ജോയി ചെഞ്ചേരിൽ രചന നിർവഹിച്ച് ജേക്കബ് കൊരട്ടി സംഗീതം ചെയ്ത് കേദാർനാഥും കാത്തുകുട്ടിയും കൂടി പാടിയ പാട്ടാണ് വിവാഹ വേളയിൽ പാടി വൈറലായത്. എത്രവളർന്നാലും ദൈവമേ.. ഞാൻ എന്നും അങ്ങേയ്ക്ക് പൈതൽ, വാതിൽ തുറക്കു നീ കാലമേ…. കണ്ടോട്ടെ സ്നേഹ സ്വരൂപനെ, ഉണ്ണി കുഞ്ഞുണ്ണി ഈശോയല്ല.. കൊഞ്ചിച്ചിണങ്ങും പൈതലല്ലേ തുടങ്ങി ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇരുവരും കാണാതെ പഠിച്ചിട്ടുണ്ട്. ഇരുവരുടെയും സംഗീതത്തിലെ ഗുരു അച്ഛനായ അശോകനാണ്. ചെറുപ്പം മുതൽ അശോകൻ പാട്ട് പടിച്ചിരുന്നെങ്കിലും എവിടെയും എത്താനായില്ല. തനിക്ക് സാധിക്കാത്തത് തന്റെ മക്കളിലൂടെ സാധിച്ചെടുക്കണമെന്നാണ് അശോകന്റെ ആഗ്രഹം.
പാട്ട് വന്ന വഴി
ചെമ്പൻതൊട്ടി പള്ളിയിൽ പെരുന്നാൾ നടക്കുമ്പോൾ കേദാർ നാഥും കാത്തുകുട്ടിയും സ്ഥിരമായി പോകുന്ന റിഥം ഓർക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരുന്നു. ഇതിൽ ഇവർക്ക് പാട്ട് പാടാൻ അവസരം നൽകുമെന്ന് പറഞ്ഞിരുന്നു. സ്വന്തം നാട്ടിൽ പാട്ട് പാടുന്ന സന്തോഷത്തിൽ കേദാർനാഥും കാത്തുകുട്ടിയും കൂട്ടുകാരോട് ഗാനമേളയിൽ തങ്ങൾ പാടുന്നുണ്ടെന്ന വിവരം അറിയിച്ചു. എന്നാൽ നിർഭാഗ്യവശാൽ ഇരുവർക്കും അതിൽ പാടാൻ സാധിച്ചില്ല. കൂട്ടുകാർ കളിയാക്കിയതോടെ ഇരുവർക്കും വിഷമമായി.
അങ്ങനെയാണ് പെരുന്നാളിന് തൊട്ടടുത്ത ദിവസം മാവിലേരിയിലെ അധ്യാപകരായ സി.വി. അപ്രേമിന്റെയും കുട്ടിയമ്മയുടെയും മകന്റെ കല്യാണം വരുന്നത്. ഇവരുടെ വീട്ടിലാണ് കേദാർ നാഥിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. കുട്ടികളുടെ സങ്കടം കണ്ട് പള്ളിയിലെ വികാരിയച്ചനോട് ചോദിക്കാം എന്ന് അപ്രേം പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും ഹിന്ദു മതത്തിൽപെട്ട തങ്ങളെ പള്ളിയിൽ പാട്ട് പാടിക്കില്ലെന്നായിരുന്നു അശോകനും കുടുംബവും വിചാരിച്ചിരുന്നത്. എന്നാൽ, ഫാ. ജോസഫ് നിരപ്പേലിനോട് കാര്യം പറയുകയും കുട്ടികളോട് പാടിക്കോയെന്ന് അച്ചൻ അനുവാദം നൽകുകയും ചെയ്തു.
പാടാൻ അവസരം ലഭിച്ചപ്പോൾ കേദാർനാഥ് ഏറെ സന്തോഷിച്ചു. ഇതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. ഈ പാട്ട് പാടുന്നതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേദാർനാഥ് പള്ളിയിൽ പാട്ടുപാടുന്നത് സ്വപ്നം കാണാൻ ഇടയായി. ഇതേക്കുറിച്ച് കേദാർനാഥ് അച്ഛൻ അശോകനോട് പറയുകയും ചെയ്തിരുന്നു. പിന്നീട് ഏത് പാട്ട് പാടും എന്ന ചിന്തയായിരുന്നു. മാതാപിതാക്കളായ അശോകനും രശ്മിയും നിരവധി പാട്ട് പറഞ്ഞു കൊടുത്തെങ്കിലും താൻ പാടിയ വീഡിയോ ആൽബത്തിലെ ആ ഹൃദയസ്പർശിയായ പാട്ട് തന്നെ പാടും എന്ന് കേദാർനാദ് പറഞ്ഞു.
അങ്ങനെ കല്യാണത്തിന് എത്തിയ തന്റെ കൂട്ടുകാരുടെയും മറ്റ് ആളുകളുടെയും മുന്നിൽ ഈ സഹാദരങ്ങൾ പാടി. പാട്ട് കേട്ട് എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പള്ളിയിലെത്തിയ ഒരാൾ ഇരുവരുടെയും പാട്ട് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ലോകമെന്പാടുമുള്ള ജനങ്ങൾ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു.
അഭിനന്ദന പ്രവാഹം
ദിവ്യകാരുണ്യ സ്വീകരണ വേളയിൽ ഇരുവരും പാടിയ പാട്ട് വൈറലായതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി അഭിനന്ദപ്രവാഹമാണ്. ചിലർ ഇവരുടെ മാവിലേരിയിലെ വീട്ടിൽ നേരിട്ടെത്തി കെട്ടിപിടിച്ച് കാത്തുകുട്ടിയേയും കേദാർനാഥിനെയും അഭിനന്ദിച്ചു. ചിലർ സമ്മാനപൊതികളുമായാണെത്തിയത്.
പ്രമുഖ ചാനലുകളിൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും ദൈവസന്നിധിയിൽ പാട്ട് പാടിയപ്പോഴാണ് ആളുകൾ ഏറ്റെടുത്തതെന്ന് അശോകൻ പറഞ്ഞു. ചെമ്പന്തൊട്ടിയിലെ ചെറുപുഷ്പം യുപി സ്കൂൾ വിദ്യാർഥിയാണ് കേദാർനാഥ്. ചെമ്പന്തൊട്ടി സെന്റ് സാവിയോ കോൺവന്റ് സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ് കാർത്തിക.