പാപ്പിനിശേരി:ദേശീയപാതയിൽ കീച്ചേരി ബസ് സ്റ്റോപ്പിനു സമീപത്ത് പ്രവർത്തിക്കുന്ന എസ്ബിഐയുടെ എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൗണ്ടറിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി കാമറകളും പരിശോധനക്ക് വിധേയമാക്കും. ഇന്നലെ പുലർച്ചെ രണ്ടോടെ കച്ചേരി ജംഗ്ഷനിലെ തട്ടുകടക്ക് സമീപം ഒരു വാഹനം നിർത്തിയിട്ടതും മൂന്നുപേരെ കണ്ടതായി ചില സൂചനകൾ കിട്ടിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ടില്ലെങ്കിലും എടിഎമ്മിനെ നിയന്ത്രിക്കുന്ന മോഡം, യുപിഎസ് ,ബാറ്ററി,കാമറ എന്നിവ കവർന്ന് തൊട്ടടുത്ത ആലിൻകീഴിലെ വേരുകൾക്കുള്ളിൽ മൂടിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു.മുൻപും ഇതേ എടിഎമ്മിൽ കവർച്ചാശ്രമം നടന്നിരുന്നു.
എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാമറ മോഷ്ടാക്കൾ തകർത്തെങ്കിലും ബാറ്ററിയിൽ നിന്നുള്ള വൈദ്യുതി കാരണം കൗണ്ടറിൽ വെളിച്ചം നിലനിൽക്കും. അതിന്റെ ഭാഗമായാണ് ബാറ്ററികൾ അടക്കം കവർച്ചക്കാർ തകർത്ത് തൊട്ടടുത്ത്ഉപേക്ഷിച്ചത്. തുടർന്ന് എടിഎംതകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നാണ് പോലീസ് കരുതുന്നത്.