വടക്കഞ്ചേരി : നിയന്ത്രിക്കാനാകാത്ത വിധം വ്യാപകമാകുന്ന വെള്ളീച്ചയെ തുരത്താൻ തോട്ടങ്ങളിൽ തീയിട്ട് പുകച്ച് കർഷകർ. ഈ ചെറു ഈച്ചയെ നശിപ്പിക്കാൻ തക്ക പ്രതിവിധികളൊന്നും കണ്ടെത്താൻ കൃഷി വകുപ്പിന് കഴിയാത്ത സാഹചര്യത്തിലാണ് കർഷകർ തന്നെ കീടത്തിനെതിരെ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്.
തോട്ടത്തിൽ പലയിടത്തായി ഇത്തരത്തിൽ കടുത്ത പുക ഉണ്ടാക്കിയാൽ തെങ്ങിൻ പട്ടയുടെ അടിയിൽ കൂടിയിരിക്കുന്ന പ്രാണികൾ നശിക്കുമെന്ന കണക്കുകൂട്ടലിലാണ് പുകയ്ക്കൽ പ്രയോഗം നടത്തുന്നത്. അധികം ഉയരമില്ലാത്ത തെങ്ങുകളുള്ള തോട്ടമാണെങ്കിൽ ഇത് കൂടുതൽ ഫലപ്രദമാകും.
വണ്ടിന്റെ ആക്രമണം കുറയാനും സഹായകമാകും. ഒന്നിന്നും ഉപകരിച്ചില്ലെങ്കിൽ തന്നെ കൊതുക്, കൂത്താടികൾ ഇല്ലാതാകാൻ ഈ പരീക്ഷണം നല്ലതാണെന്ന് കർഷകർ പറയുന്നു. തെങ്ങ് തഴച്ച് വളരാനും അധികദൂരത്തല്ലാതെ പുകയ്ക്കുന്നത് ഗുണം ചെയ്യും.
തെങ്ങിൻ പട്ടകൾക്ക് അടിയിൽ കീടനാശിനി തളിച്ച് കീടങ്ങളെ നശിപ്പിക്കാമെന്ന് കൃഷി വകുപ്പ് നിർദ്ദേശിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കണ്ടതോടെ നിർദ്ദേശങ്ങൾക്ക് ആയുസുണ്ടായില്ല. തെങ്ങുകൾ കൂട്ടത്തോടെ ഇല്ലാതാകുന്പോഴും വളരെ ഗൗരവം കുറഞ്ഞ കീടമായിട്ടാണ് അധികൃതർ ഇപ്പോഴും ഇതിനെ കാണുന്നതെന്ന് കർഷകർക്ക് പരാതിയുണ്ട്.
കാർഷിക മേഖലക്ക് വലിയ ആഘാതമേല്പിച്ചാണ് തെങ്ങ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളിലും ചെടികളിലും വെള്ളീച്ച രോഗം വ്യാപകമാകുന്നത്. ഈ രോഗംമൂലം നാളികേര ഉല്പാദനത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ പറയുന്പോൾ അതിലേറെ ഭീകരാവസ്ഥയിലാണ് മറ്റു ഫലവൃക്ഷങ്ങളിലും ചെടികളിലും വെള്ളീച്ച നിറഞ്ഞ് കൃഷി ഇല്ലാതാകുന്നത്.
പച്ചമുളക് ചെടികളിൽ പോലും വെള്ളീച്ച ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. കറിവേപ്പിനേയും ഈ കീടബാധ കീഴടക്കുകയാണ്. പേര, പപ്പായ തുടങ്ങിയവ പല തോട്ടങ്ങളിലും പറന്പുകളിലും ഇപ്പോൾ ഇല്ലാതായി. വെള്ളീച്ചയെ തുരത്താൻ പ്രായോഗിക പ്രതിവിധികൾ കണ്ടെത്താൻ കൃഷി വകുപ്പിനും കഴിയാത്തത് സമീപ ഭാവിയിൽ തന്നെ തെങ്ങ് കൃഷി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഏത് പ്രായത്തിലുള്ള തെങ്ങിലും രോഗം ഉണ്ടാകുന്നുണ്ട്. തെങ്ങോലയുടെ അടിഭാഗത്താണ് ഇവ കൂടുകൂട്ടി നിറയുന്നത്. കീടബാധരൂക്ഷമാകുന്നതോടെ ഓലകൾ വെള്ളയും കറുപ്പുമായി മാറും.പച്ചപ്പട്ടകൾ മാസങ്ങൾക്കുള്ളിൽ തന്നെ ഉണങ്ങുന്ന സ്ഥിതിയാണ്. ഈച്ചകൾ നീര് ഉൗറ്റി കുടിച്ച് ഇല്ലാതാക്കും.
നല്ല മഴ ലഭിച്ചാൽ വെള്ളീച്ചബാധ താനേ ഇല്ലാതാകുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ 2018, 2019 എന്നിങ്ങനെ രണ്ട് വർഷം തുടർച്ചയായി പ്രളയമുണ്ടാകും വിധം അധിക മഴയുണ്ടായിട്ടും വെള്ളീച്ച വ്യാപനം കൂടിയതല്ലാതെ കുറഞ്ഞില്ല.
തെങ്ങിൻ പട്ടകളുടെ അടിഭാഗത്തേക്ക് മരുന്ന് സ്പ്രേ ചെയ്തു കൊടുക്കണമെന്നായിരുന്നു അധികൃതരുടെ ഉപദേശം.വലിയ തെങ്ങിൽ കയറി ഓരോ പട്ടയുടെ അടിയിലേക്കും മരുന്ന് സ്പ്രേ ചെയ്യുന്നത് പ്രായോഗികമല്ലെന്ന് അറിയാമെങ്കിലും എന്തെങ്കിലുമൊക്കെ പ്രതിവിധി നിർദ്ദേശിച്ചെന്ന് വരുത്തി തീർക്കാനുള്ള തന്ത്രങ്ങളായിരുന്നു അതെല്ലാം.
മലയോര മേഖലയായ പാലക്കുഴിയിൽ തെങ്ങുകൾ കൂട്ടത്തോടെ നശിക്കുന്നത് നശിക്കുന്നത് പഠിക്കാൻ കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ശാസ്ത്രജ്ഞരെത്തി പരിശോധന നടത്തി പോയതല്ലാതെ പ്രതിവിധിയൊന്നും കണ്ടെത്താനായില്ല. എന്തുകൊണ്ട് വെള്ളീച്ച പടരുന്നു എന്നതിനെക്കുറിച്ചും വ്യാപനത്തെക്കുറിച്ചും സമഗ്രമായ പഠനം വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.