മലപ്പുറം: മലബാർ സ്പെഷൽ പോലീസിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ 43 പേർ കേരള പോലീസിന്റെ ഭാഗമായി. മലപ്പുറത്തെ എം.എസ്.പി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പുതിയ സേനാംഗങ്ങളുടെ പാസിംഗ് ഒൗട്ട് പരേഡ് നടന്നു. ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ടോമിൻ. ജെ. തച്ചങ്കരി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനസേവനത്തിനുള്ള മികച്ച അവസരമാണ് കേരള പോലീസിൽ അംഗമാകുന്ന ഓരോ സേനാംഗങ്ങൾക്കും ലഭിക്കുന്നതെന്നും പോലീസിന്റെ ജനകീയ മുഖം നിലനിർത്താൻ ഓരോ സേനാംഗങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പ്ലറ്റൂണുകളായാണ് സേനാംഗങ്ങളുടെ പാസിംഗ് ഒൗട്ട് പരേഡ് നടന്നത്. വയനാട് വൈത്തിരി ചൂരൽമല സ്വദേശി കെ. രഞ്ജിത്ത് പരേഡ് നയിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപ്പാറ സ്വദേശി ആലുങ്ങപ്പുറായി പി.ഷിംജിത്ത് സെക്കൻഡ് ഇൻ കമാൻഡറായി. ആദ്യ പ്ലട്ടൂണിനെ അഭയ്. പി. ദാസും രണ്ടാം പ്ലട്ടൂണ് പി.പി. അനുഗ്രഹും നയിച്ചു. ആംഡ് പോലീസ് ബറ്റാലിയൻ ഡി.ഐ.ജി. പി.പ്രകാശ്, ജില്ലാ പോലീസ് മേധാവിയും എംഎസ്പി. കമാൻഡന്റുമായ യു. അബ്ദുൾ കരീം എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.
ഇൻഡോർ പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം നെയ്യാറ്റിൻകര പണ്ടാംകോട് ജെ.ടി. നിവാസിൽ ജെ. റോജിത്ത് ജോണ്, ഒൗട്ട്ഡോർ വിഭാഗത്തിൽ മികവു പുലർത്തിയ പാലക്കാട് ചിറ്റൂർ പാറക്കുളം എസ്. വൈശാഖൻ, മികച്ച ഷൂട്ടറായും ആൾ റൗണ്ടറായും തെരഞ്ഞെടുത്ത കെ.എസ്. ശ്രിഖിൽ എന്നിവർക്ക് എ.ഡി.ജി.പി. ടോമിൻ. ജെ. തച്ചങ്കരി പുരസ്ക്കാരങ്ങൾ നൽകി. കേരള പോലീസിന്റെ ഭാഗമായ സേനാംഗങ്ങൾക്ക് എം.എസ്.പി. ഡെപ്യൂട്ടി കമാൻഡന്റ് ഇൻചാർജ് ടി. ശ്രീരാമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയഗാനാലാപനത്തോടെയാണ് പരേഡ് സമാപിച്ചത്.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് 210 ദിനരാത്രങ്ങൾ നീണ്ട കൃത്യതയാർന്ന പരിശീലനത്തിലൂടെ കേരള പോലീസിലേക്കെത്തിയത്. ഇവരിൽ ഒൻപത് പേർ ബിരുദാനന്തര ബിരുദധാരികളും ഒരാൾ എം.ബി.എയും 15 പേർ ബിരുദധാരികളുമാണ്. മൂന്നു എൻജിനീയറിംഗ് ബിരുദധാരികളുമുണ്ട്.
രണ്ടു പേർക്ക് ഡിപ്ലോമയാണ് യോഗ്യത. 13 പേർ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയവരുമാണ്. സേനാംഗങ്ങളുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥരുമടക്കം വൻ ജനാവലിയാണ് പാസിംഗ് ഒൗട്ട് പരേഡിന് സാക്ഷ്യം വഹിക്കാനെത്തിയത്. ചടങ്ങുകൾക്കു ശേഷം എം.എസ്.പി. ആസ്ഥാനത്തൊരുക്കിയ ആംഫി തീയ്യറ്റർ എ.ഡി.ജി.പി. ടോമിൻ. ജെ. തച്ചങ്കരി ഉദ്ഘാടനം ചെയ്തു