ചെന്നൈ: ഓസ്കാർ വേദിയിൽ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു… എന്ന ഗാനത്തിന് മികച്ച ഒറിജിനൽ സോംഗ് പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് ഗായിക കെ.എസ്. ചിത്ര.
കീരവാണിക്കു ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം. ഇനിയും അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെയെന്നും ചിത്ര.
അദ്ദേഹത്തോടൊപ്പം കുറേ പാട്ടുകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നല്ലൊരു സംഗീതകാരനും മനുഷ്യനുമാണ് കീരവാണിസാർ.
എല്ലാ തരത്തിലുമുള്ള പാട്ടുകളും സാറിനു വഴങ്ങും. ചിത്രഗാരു എന്നാണ് അദ്ദേഹമെന്നെ വിളിക്കാറുള്ളത്. എസ്.പി. ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കീരവാണി സാർ, താൻ മനസിൽ കാണുന്നതിനേക്കാളും പത്തിരിട്ടി നൽകാറുണ്ടെന്നു പറഞ്ഞിട്ടുണ്ട്.
തെലുങ്കിൽ പാടാൻ ചെല്ലുന്പോൾ ഭാഷ പ്രശ്നമായിരുന്ന തനിക്ക് ഓരോ വാക്കിന്റെയും അർഥം മനസിലാക്കിത്തരാറുണ്ടെന്നും ചിത്ര പറഞ്ഞു. തന്റെ പ്രിയപ്പെട്ട ഗായിക എന്നാണ് ചിത്രയെക്കുറിച്ച് കീരവാണി പറഞ്ഞിട്ടുള്ളത്.