മലയാളിയുടെ മനസിൽ എന്നും നൊന്പരമുണർത്തുന്ന ഒരു മോഹൻലാൽ ചിത്രമാണ് കിരീടം.
അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവൻ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു .
പോലീസുകാരനായ അച്ഛന്റെ സ്വപ്നം പോലെ പോലീസുകാരനായി മാറുവാൻ ആശിക്കുന്ന എന്നാൽ സാഹചര്യങ്ങൾ ഒരു തെരുവുഗുണ്ടയുടെ മുൾക്കിരീടം സമ്മാനിച്ച സേതുവിന്റെ ജീവിതത്തെ ഇങ്ങനെ മാറ്റിമറിച്ച വ്യക്തിയാണ് കീരിക്കാടൻ ജോസ്.
കീരിക്കാടൻ ജോസെന്ന വില്ലൻ കഥാപാത്രത്തെ അനശ്വരമാക്കിയത് മോഹൻരാജെന്ന പുതുമുഖ നടനായിരുന്നു. കിരീടം പുറത്തിറങ്ങിയിട്ട് 28 വർഷങ്ങൾ തികയുന്പോൾ ചിത്രത്തിൽ കീരിക്കാടനാക്കാൻ സംവിധായകനും അണിയറ പ്രവർത്തകരും ആദ്യം തീരുമാനിച്ചത് മറ്റൊരു താരത്തെയാണെന്ന് നിർമാതാക്കളിൽ ഒരാളായ ദിനേശ് പണിക്കർ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിൽ കീരിക്കാടന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹൻ രാജിനെ ആയിരുന്നില്ലയെന്നും തെലുങ്ക് താരത്തെയായിരുന്നു എന്നും ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ ദിനേശ് പണിക്കർ വെളിപ്പെടുത്തുന്നു.
തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ സിബി മലയിലും നിർമാതാവായ കിരീടം ഉണ്ണിയും താനും ചേർന്നാണ് കഥ പറയാൻ മോഹൻലാലിനെ കാണാൻ എത്തിയത്.
തിരക്കഥ പൂർണമായും വായിച്ച് കേട്ട മോഹൻലാൽ ആദ്യം ചോദിച്ചത് വില്ലനാരെന്നായിരുന്നു. ഭരതന്റെ ചാമരത്തിൽ ശക്തമായ ഒരു വേഷം അവതരിപ്പിച്ച തെന്നിന്ത്യൻ താരം പ്രദീപ് ശക്തിയെയായിരുന്നു സംവിധായകൻ ഉൾപ്പെടെയുള്ളവർ കീരിക്കാടനായി മനസിൽ കണ്ട ിരുന്നത്.
മോഹൻ ലാലിനോട് ഇത് പറയുകയും ചെയ്തു. പ്രദീപ് ശക്തിയുടെ കാര്യത്തിൽ ലാലിനും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.അങ്ങനെ കിരീടത്തിന്റെ അണിയറപ്രവർത്തകർ പ്രദീപ് ശക്തിയെ സമീപിച്ചു. അദ്ദേഹവും സമ്മതിച്ചു.
25,000 രൂപ പ്രദീപ് ശക്തിക്ക് അഡ്വാൻസായി അയച്ച് കൊടുത്തു. പക്ഷേ ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം പ്രദീപ് ശക്തി ലൊക്കേഷനിൽ എത്തിയില്ല. ഫോണിൽ വിളിച്ചപ്പോൾ ഫോണെടുത്ത ഭാര്യ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചതായും എത്തിയില്ലെയെന്നുമാണ് ചോദിച്ചത്.
അതോടെ എന്തോ സംഭവിച്ചുവെന്നും അദ്ദേഹം എത്തില്ലെന്നും അണിയറ പ്രവർത്തകർ ഉറപ്പിച്ചു. അങ്ങനെ കീരിക്കാടനില്ലാതെ ചിത്രം പ്രതിസന്ധിയിലായി നിൽക്കുന്നതിനിടയിൽ അന്ന് സഹസംവിധായകനായിരുന്ന കലാധരനാണ് മോഹൻരാജിനെക്കുറിച്ച് പറയുന്നത്.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു മോഹൻരാജ്. നല്ല ഉയരമുള്ള വ്യക്തി എന്നായിരുന്നു കലാധരൻ പറഞ്ഞത്. സിനിമാ താത്പര്യമുള്ള മോഹൻരാജ് മൂന്നാംമുറ എന്ന മോഹൻ ലാൽ ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിരുന്നു.
ഷൂട്ടിംഗ് ലോക്കെഷനിലെത്തിയ മോഹൻരാജിനെ കണ്ട പ്പോൾ തന്നെ സിബി മലയിൽ ഉൾപ്പെടെയുള്ളവർ കീരിക്കാടനായി മോഹൻരാജ് മതിയെന്നു ഉറപ്പിച്ചു.
നല്ല മുടിയുണ്ട ായിരുന്ന മോഹൻരാജിനെ മൊട്ടയടിപ്പിച്ച് മുഖത്തൊരു മുറിപ്പാടും നൽകി കീരിക്കാടൻ ജോസാക്കി മാറ്റി. അങ്ങനെ എന്തോ അജ്ഞാത കാരണത്താൽ പ്രദീപ് ശക്തിക്ക് നഷ്ടമായ വേഷം മോഹൻരാജിന്റെ ഭാഗ്യകിരീടമായി മാറിയ കാഴ്ചയാണ് പിന്നീടു നടന്നത്.
അദ്ദേഹത്തിന്റെ യഥാർഥ പേരിനെപ്പോലും മായ്ച്ചുകളഞ്ഞുകൊണ്ട ് കീരിക്കാടനായി അദ്ദേഹം ജീവിച്ചു. പുതിയ തലമുറപോലും കീരിക്കാടൻ ജോസ് എന്നാണു അദ്ദേഹത്തിന്റെ പേരെന്ന് വിശ്വസിക്കുന്നു- ദിനേശ് പണിക്കർ പറഞ്ഞു.
-പി.ജി