ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തറത്തിട്ടും അരിശം തീരാതെ ശരീരത്തിലൂടെ പലതവണ കാർ കയറ്റി കൊന്ന യുവഡോക്ടർ അറസ്റ്റിൽ.
ചെന്നൈ നഗരത്തിലാണ് സംഭവം. ദിണ്ടിവനം സ്വദേശിയായ ഡോ. ഗോകുൽ കുമാറാണ് (35) ഭാര്യ കീർത്തന(28)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലിചെയ്യുന്ന കീർത്തനയെ മൂന്നുവർഷം മുന്പാണ് ഡോക്ടർ വിവാഹം കഴിച്ചത്.
പോതേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഗോകുൽകുമാർ ലോക്ക്ഡൗണിനു ശേഷം ജോലിക്കു പോയിരുന്നില്ല. ഇരുവരും തമ്മിൽ വഴക്കു പതിവായിരുന്നെന്ന് അയർക്കാർ പറയുന്നു.
അടുത്തയിടെ ഇവർ മേൽ മർവത്തൂരിലെ കീർത്തനയുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിൽ വീട്ടുകാർ വിവാഹമോചന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നെന്ന് പറയുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് വാണ്ടും വാക്കേറ്റമുണ്ടായത്. തുടർന്ന് അടുക്കളയിൽനിന്ന് കറിക്കത്തിയുമായി എത്തിയ ഗോകുൽ കീർത്തനയുടെ കഴുത്തു മുറിച്ചു.
ബഹളംകേട്ടെത്തിയ മാതാപിതാക്കളെയും ആക്രമിച്ചു. കീർത്തനയുടെ അച്ഛന് ഗുരുതരമായി പരിക്കുണ്ട്. മുറിഞ്ഞുതൂങ്ങിയ കഴുത്തുമായി കിടന്ന കീർത്തനയെ വലിച്ചിഴച്ച് വീടിനു പുറത്തെത്തിച്ച ഗോകുൽ പോർച്ചിൽനിന്ന് കാറെടുത്ത് പലവട്ടം ശരീരത്തിലൂടെ കയറ്റിയിറക്കി മരണം ഉറപ്പാക്കി.
തുടർന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു.അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് കീർത്തനയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോകുലിന്റെ കാർ ചെന്നൈ- തിരുച്ചിറപ്പിള്ളി ദേശീയപാതയിൽ ആർതർ ടോൾ പ്ലാസയ്ക്കു സമീപം നിയന്ത്രണംവിട്ടു മറിഞ്ഞു. തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.