പൂച്ചാക്കൽ: ഇത് പാണാവള്ളിക്ക് അഭിമാനനിമിഷം. ഡൽഹി രാജ്പഥിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സൈനികർക്കൊപ്പം ചേർത്തല പാണാവള്ളി സ്വദേശിനിയായ വിദ്യാർഥി കെ.എസ്. കീർത്തനയും പരേഡ് ചെയ്യും.
മഹാരാജാസ് കോളജിലെ ബിഎസ്്സി രണ്ടാം വർഷ വിദ്യാർഥിയാണ് കീർത്തന. റിപ്പബ്ലിക് പരേഡിൽ നേവി വിംഗിന്റെ രജ്പത് വിഭാഗത്തിൽ പരേഡ് ചെയ്യാനാണ് കീർത്തനയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
പാണാവള്ളി പഞ്ചായത്ത് 8-ാം വാർഡ് കുറുപ്പുപറമ്പിൽ പെയ്ന്റിംഗ് തൊഴിലാളിയായ കെ.കെ. അജയന്റെയും പാണാവള്ളി തൃച്ചാറ്റുകുളം എൻഎസ്എസ് എൽപിഎസ് നഴ്സറി സ്കൂൾ അധ്യാപികയായ സ്വപ്നയുടെയും മകളാണ് കീർത്തന.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിശീലനത്തിനു ശേഷമാണ് ഡൽഹിയിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞമാസം ഡൽഹിയിലും പോയിരുന്നു. പാണാവള്ളി തൃച്ചാറ്റുകുളം എൻഎസ്എസ്എച്ച്എസിൽ 8-ാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ എൻസിസിയിൽ അംഗമായിരുന്നു.
10-ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കീർത്തന പ്ലസ് ടുവിനും എൻഎസ്എസിൽ പഠനം തുടർന്നു.സ്കൗട്ട് ആൻഡ് ഗൈഡിലും ചേർന്നിരുന്നു.
ഡിഗ്രിക്ക് മഹാരാജാസിൽ ചേർന്നപ്പോൾ തന്നെ എൻസിസിയിലും പരിശീലന തുടർന്നിരുന്നു. കോളജിൽനിന്നാണ് ഇപ്പോൾ റിപ്പബ്ലിക് ദിനത്തിൽ പരേഡ് ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. കീർത്തനയുടെ സഹോദരി അർച്ചന അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.