നിർമാതാവ് സുരേഷിന്റെയും നടി മേനക സുരേഷിന്റെയും മകൾ കീർത്തി സുരേഷ് പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ചില വെബ്സൈറ്റുകളാണ് ഇതു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി നായികാ നിരയിൽ എത്തിയത്. തുടർന്ന് മലയാളത്തിൽ റിങ് മാസ്റ്റർ എന്ന ചിത്രം ചെയ്ത് കീർത്തി തമിഴിലേക്ക് പോയി. തമിഴിലും തെലുങ്കിലും കുറേ നല്ല ചിത്രങ്ങളുമായി തിരക്കിലാണ് കീർത്തി ഇപ്പോൾ. ഇതോടെ നടിയുടെ പ്രതിഫലവും കുത്തനെ ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിൽ പുതിയ സിനിമയ്ക്ക് വേണ്ടി കീർത്തി ഒരു കോടി രൂപയാണത്രെ പ്രതിഫലമായി ആവശ്യപ്പെട്ടത്.
ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിനു വേണ്ടി നായികയായി പരിഗണിച്ചത് കീർത്തി സുരേഷിനെയാണ്. തിരക്കഥ ഇഷ്ടപ്പെട്ട് സിനിമ ചെയ്യാമെന്നേറ്റ നടി തനിക്ക് ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടത്രെ.
സംവിധായകൻ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിർമാതാവുമായ ബെല്ലംകൊണ്ട സുരേഷാണ് ചിത്രം നിർമിക്കുന്നത്. കീർത്തി ആവശ്യപ്പെട്ട പ്രതിഫലം നൽകി നായികയായി തീരുമാനിച്ചുകൊള്ളാൻ സുരേഷ് പറഞ്ഞത്രേ. തന്റെ കഴിവിനും അഭിനയത്തിനും കീർത്തി അത് അർഹിക്കുന്നു എന്നാണു നിർമാതാവിന്റെ പക്ഷം. നേനു ശൈലജ എന്ന ചിത്രത്തിലൂടെയാണ് കീർത്തി തെലുങ്ക് സിനിമാ ലോകത്തെത്തിയത്.
തുടർന്ന് നേനു ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിച്ചു. മഹാനദി, നാ ഇഷ്ടം നുവ്വു എന്നീ ചിത്രങ്ങളിൽ നടി കരാറൊപ്പുവച്ചിട്ടുണ്ട്. തമിഴിലും കീർത്തിയെ തേടി ധാരാളം അവസരങ്ങൾ വരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ കീർത്തിയുടെ രജനി മുരുകൻ, തൊടാരി, ഭൈരവ എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. സൂര്യ നായകനാകുന്ന താനാ സേർത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.