പ്രിയതാരം ദുൽഖർ സൽമാൻ തെലുങ്കിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന മഹാനദിയിൽ ജമിനി ഗണേശനായി ഡിക്യു വേഷമിടുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ദേശീയ അവാർഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്രപ്രവർത്തകയുടെ വേഷത്തിൽ സാമന്തയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തിൽ ജമിനി ഗണേശന്റെ വേഷത്തിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുമെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഡിക്യുവിന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മഹാനദിയിൽ സാവിത്രിയെ അവതരിപ്പിക്കുന്നതിനായി സംവിധായകൻ ആദ്യം സമീപിച്ചിരുന്നത് നിത്യാ മേനോനെ ആയിരുന്നുവത്രെ. എന്നാൽ ഈ കഥാപാത്രം ചെയ്യാൻ താരം തയ്യാറായില്ല. തുടർന്ന് സാമന്തയെ സമീപിച്ചു. എന്നാൽ സാവിത്രിയെ അവതരിപ്പിക്കാൻ സാമന്തയും തയ്യാറായില്ല. പിന്നീടാണ് കീർത്തി സുരേഷിന് നറുക്കുവീണത്.