നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെയും മകളായ കീർത്തി ചെറിയ കാലയളവിനുള്ളിൽ തന്നെ സിനിമാരാംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തോടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും കീർത്തി സ്വന്തമാക്കി.
സിനിമാ രംഗത്തെ കാരവൻ സംസ്കാരത്തോട് എതിർപ്പുള്ള ആളാണ് സുരേഷ് കുമാർ. ഇക്കാര്യം അറിയാവുന്ന നടൻ മമ്മൂട്ടി ഇതേപ്പറ്റി കീർത്തിയോടു പറഞ്ഞ കാര്യങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാർ. അടുത്തിടെ കുടുംബവുമൊത്ത് മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടിൽ പോയപ്പോഴുള്ള അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
മമ്മൂക്ക കീർത്തിയെ കൂട്ടിക്കൊണ്ടുപോയി കാരവനൊക്ക കാണിച്ചിട്ട് പറഞ്ഞു, നീയും ഇതുപോലൊന്ന് വാങ്ങണം.പക്ഷേ നിന്റെ അച്ഛൻ സമ്മതിക്കില്ല. അവൻ ഇതിന് എതിരാണ്-സുരേഷ് കുമാർ അഭിമുഖത്തിൽ പറഞ്ഞു.
ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന പഴയകാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് താൻ കാരവൻ സംസ്കാരത്തെ എതിർത്തിരുന്നതെന്ന് സുരേഷ് കുമാർ പറയുന്നു. പണ്ട് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്ന് സംസാരിക്കും. ചില നടന്മാർ കാരവനിൽ അഭയം തേടിയപ്പോൾ ആ സ്നേഹബന്ധം പോകുമല്ലോ എന്നോർത്താണ് താൻ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
പണ്ട് കാരവനെ എതിർത്ത താൻ ഇപ്പോൾ കാരവനിൽ ഇരിക്കുന്നതു കാണുന്പോൾ കൂട്ടുകാർ കളിയാക്കാറുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.