കൊറോണ വൈറസിനെ നേരിടാൻ രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിട്ട് ഒന്നര മാസം കഴിഞ്ഞു. ചില ഇളവുകൾ നൽകിയെങ്കിലും ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തിൽ ജ്യോതികയുടെ സിനിമയ്ക്ക് പിന്നാലെ തമിഴിൽ മറ്റൊരു സിനിമ കൂടി തിയറ്റർ ഒഴിവാക്കി ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്.
കീർത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന ത്രില്ലർ ചിത്രം പെൻഗ്വിൻ ആണ് ആമസോണ്‍ പ്രൈമിൽ നേരിട്ടു റിലീസ് ചെയ്യാനായി ഒരുങ്ങുന്നത്. മുന്‍പ് ജ്യോതിക നായികയാവുന്ന പൊന്മകൾ വന്താൽ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നതിനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ അടുത്ത സിനിമയും എത്തുന്നത്.
ചർച്ചകൾക്ക് ശേഷം തീരുമാനമായാൽ തമിഴിനൊപ്പം പെൻഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണിൽ ആമസോണ്‍ പ്രൈമിലെത്തുമെന്നും സിനിമയുടെ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മദംപട്ടി രംഗരാജ്, ലിംഗ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ഈശ്വർ കാർത്തിക് സംവിധാനം ചെയ്യുന്ന പെൻഗ്വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് അനിൽ കൃഷുമാണ്.