തെന്നിന്ത്യയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയ ശേഷം ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ നിരവധി സൂപ്പർഹിറ്റുകളുടെ ഭാഗമായ ശേഷമാണ് കീർത്തി ബോളിവുഡിലും കൈവച്ചിരിക്കുന്നത്. കരിയറിലെ തുടക്കകാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്.
എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. രജിനിമുരുകനിൽ എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ റിലീസിന് ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല.
സിനിമയോട് പാഷനുള്ളത് കൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. പണം എനിക്ക് സെക്കൻഡറിയാണ്. മറ്റ് സിനിമകളിൽ നിന്നുള്ള ഓഫർ നിരസിച്ചപ്പോൾ ചില സംവിധായകർക്ക് ഇഷ്ടപ്പെട്ടില്ല. എന്താണ് നഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല, കരിയറിലെ തുടക്കകാലത്ത് തന്നെ നോ പറയുന്നു എന്നൊക്കെ പറഞ്ഞു. ഇന്ന് ആലോചിക്കുമ്പോൾ അതിനെങ്ങനെ ധൈര്യം വന്നെന്ന് അറിയില്ല, പക്ഷെ അന്ന് താൻ തീരുമാനത്തിൽ ഉറച്ചുനിന്നു. ഒരുപാട് വലിയ സംവിധായകരോട് നോ പറഞ്ഞിട്ടുണ്ടെന്നും കീർത്തി വ്യക്തമാക്കി.
ആദ്യ തമിഴ് ചിത്രം പരാജയപ്പെട്ടപ്പോൾ തന്നെ ഭാഗ്യമില്ലാത്ത നായികയെന്ന് വിളിച്ചവരുണ്ടെന്നും കീർത്തി പറയുന്നു. ആദ്യ തമിഴ് സിനിമ പരാജയപ്പെടുകയും രണ്ടാമത്തെ തമിഴ് സിനിമയുടെ റിലീസ് വൈകുകയും ചെയ്തു. നടിക്ക് ഭാഗ്യമില്ലായിരിക്കുമെന്ന് അന്ന് ചിലർ പറഞ്ഞുവെന്നു കീർത്തി പറഞ്ഞു.
താരത്തിന്റെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമ മഹാനടിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ നേടി. എന്നാൽ മഹാനടി താൻ ആദ്യം വേണ്ടെന്ന് വെച്ച സിനിമയാണെന്ന് കീർത്തി പറയുന്നു. നാഗ് എനിക്ക് ഈ സിനിമ ഓഫർ ചെയ്തപ്പോൾ ഞാൻ നിരസിച്ചു. നാല് മണിക്കൂർ നരേഷൻ കേട്ടു.
നിർമാതാക്കൾ എക്സൈറ്റഡായിരുന്നു. എന്നാൽ ഞാൻ ഓഫർ നിരസിച്ചപ്പോൾ അവർ ഞെട്ടി. എനിക്ക് പേടിയായത് കൊണ്ടാണ് ഞാൻ നിരസിച്ചത്. ഞാൻ ഈ സിനിമ മോശമാക്കിയാലോ എന്ന് കരുതി. പോസിറ്റീവായ ഒന്നും ചിന്തിക്കാൻ പറ്റിയില്ല. എന്നാൽ സംവിധായകൻ നാഗ് അശ്വിന് തന്നിൽ വലിയ വിശ്വാസമുണ്ടായിരുന്നു
. എനിക്ക് എന്നിലുള്ള വിശ്വാസത്തേക്കാൾ നാഗിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. അതാണ് ഞാൻ ഈ സിനിമ ചെയ്യാൻ കാരണമായത്. ഞാൻ ചെയ്യുന്നതിൽ എന്നേക്കാൾ വിശ്വാസം ഒരാൾക്കുണ്ടെങ്കിൽ തീർച്ചയായും ഞാൻ ശ്രമിക്കണമെന്ന് തോന്നി. മഹാനടി എന്റെ കരിയറിൽ ഗെയിം ചേഞ്ചർ ആയിരുന്നു- കീർത്തി കൂട്ടിച്ചേർത്തു.