നല്ലൊരു പ്രണയ സിനിമ ചെയ്ത് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുവാനാണ് ആഗ്രഹമെന്ന് നടി കീർത്തി സുരേഷ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
“കുറച്ച് സിനിമകൾ വന്നിരുന്നു. തമിഴ് സിനിമയ്ക്കൊക്കെ ഡേറ്റ് നൽകിയിരുന്നത് കൊണ്ട് പെട്ടന്ന് വരാനാകുന്നില്ല. പ്രിയൻ അങ്കിൾ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അത് പൂർണമായ തിരിച്ചുവരവാണെന്ന് പറയാനാകില്ല. നല്ലൊരു പ്രണയ സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങി വരുവാനാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണ്’. കീർത്തി പറഞ്ഞു.
നിരവധി സിനിമകളിൽ ബാലതാരമായി എത്തിയ കീർത്തി മോഹൻലാൽ നായകനായ ഗീതാഞ്ജലിയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് റിംഗ് മാസ്റ്ററിലൂടെ താരം ദിലിപിന്റെ നായികയായി അഭിനയിച്ചിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കേറിയ താരമായി മാറിയ കീർത്തിയ്ക്ക് മഹാനടിയിലെ മികവുറ്റ അഭിനയത്തിലൂടെ ദേശീയ പുരസ്ക്കാരം ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലേക്ക് തിരികെയെത്തുകയാണ് കീർത്തി.
മോഹൻലാൽ, പ്രഭു, അർജുൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.