ദീപാവലിച്ചിത്രം സർക്കാർ മികച്ച പ്രതികരണം നേടി സൂപ്പർഹിറ്റിലേക്കു കുതിക്കുന്പോൾ ഒരു മലയാളി പെണ്കൊടികൂടി കോളിവുഡിന്റെ താരറാണിപ്പട്ടം കൈയെത്തിപ്പിടിക്കുകയാണ് നമ്മുടെ സ്വന്തം ഓപ്പോൾ മേനകയുടെ മകൾ കീർത്തി സുരേഷ്.
മഹാനടിയിലൂടെ തെന്നിന്ത്യയൊന്നാകെ കീർത്തി നേടിയ ഈ പെണ്കുട്ടിക്കു തുടർന്നുള്ള റിലീസുകളായ സ്വാമിസ്ക്വയറും ശണ്ഠക്കോഴിയും വിജയനായികാ പരിവേഷം നിലനിർത്തിക്കൊടുത്തു. പ്രത്യേകിച്ചു ശണ്ഠക്കോഴിയിലെ ഗ്രാമീണ പെണ്കൊടിയായി കീർത്തി ശരിക്കും പ്രേക്ഷകരെ കൈയിലെടുത്തുകളഞ്ഞു. വിജയുടെ ദീപാവലി റിലീസ് സർക്കാരിലൂടെ വിജയക്കുതിപ്പു തുടരുന്ന കീർത്തിക്കൊപ്പം അല്പനേരം.
പേടിപ്പിച്ച അച്ഛൻ
മഹാനടിയുടെ കഥ സംവിധായകൻ വന്നു പറയുന്പോൾ ഇത്രയും കരുത്തുള്ള കഥാപാത്രം ചെയ്യാനുള്ള പക്വത ആയിട്ടില്ലെന്ന വിചാരത്താൽ ആദ്യം നോ പറഞ്ഞിരുന്ന മഹാനടിയുടെ പ്രിവ്യൂ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കണ്ടത്. സിനിമ കഴിഞ്ഞ ഉടനെ നന്നായി മോളേ എന്നു പറഞ്ഞ് അമ്മ ചേർത്തുപിടിച്ചു ചുംബിച്ചു. അച്ഛൻ പക്ഷേ, ഒന്നും മിണ്ടുന്നില്ല. എനിക്ക് ആകെ ഭയമായി. വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ കാര്യം പറഞ്ഞത്. നീ നന്നായി അഭിനയിച്ചു. പക്ഷേ, പടം കൊമേഴ്സ്യൽ വിജയം നേടുമെന്ന് എനിക്കു തോന്നുന്നില്ല.
എത്രയോ കാലമായി ഫീൽഡിലുള്ള എത്രയോ ചിത്രങ്ങൾ നിർമിച്ച അനുഭവസന്പത്തുള്ള അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ പ്രതീക്ഷകൾ മങ്ങാൻ തുടങ്ങി. മഹാനടി റിലീസായപ്പോൾ ഉണ്ടായ അനുഭവം പക്ഷേ, വ്യത്യസ്തമായിരുന്നു. ആദ്യസീനിൽ തുടങ്ങിയ കരഘോഷം അവസാനംവരെ നീണ്ടുനിന്നു. പ്രേക്ഷകർക്കിടയിൽനിന്നു ചിത്രം കണ്ടപ്പോൾ അവരുടെ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ മഹാനടിപോലെ കാന്പുള്ള ഒരു ചിത്രം വേണ്ടെന്നുവയ്ക്കാൻ തീരുമാനിച്ച ആ നിമിഷം കുറ്റബോധത്തോടെ ഓർമയിൽ തികട്ടി.
അവിടെ ട്രാജഡി, ഇവിടെ കോമഡി
ഏകദേശം ഒരേ സമയത്തായിരുന്നു ശണ്ഠക്കോഴിയും മഹാനടിയും ചിത്രീകരിച്ചത്. മഹാനടിയുടെ ഷൂട്ടിംഗ് ആന്ധ്രയിലായിരുന്നു. സാവിത്രിയുടെ റോളിൽ തികഞ്ഞ സീരിയസ് ആയി അഭിനയിക്കണം. അതേസമയം ചെന്നൈയിൽ ശണ്ഠക്കോഴി 2-ൽ കുറുന്പുകാരിയായ ഗ്രാമീണ യുവതിയുടെ വേഷമാണു ചെയ്യുന്നത്. രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ കൈയിൽനിന്നു വഴുതിപ്പോകാതിരിക്കാൻ ശരിക്കും കഷ്ടപ്പെടേണ്ടിവന്നു. ശണ്ഠക്കോഴിയുടെ കഥ ലിംഗുസ്വാമിസാർ പറയുന്പോൾതന്നെ മികച്ച പ്രതീക്ഷ തോന്നിയിരുന്നു.
രജനിമുരുകനുശേഷം ആദ്യമായാണ് ത്രൂ ഒൗട്ട് വില്ലേജ് ഗേൾ ആയി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ആക്ഷൻ രംഗങ്ങളും ബൈക്ക് റൈഡിംഗും എല്ലാം ആസ്വദിച്ചാണു ചെയ്തത്. ആ പീരിഡ് രസകരമായിരുന്നു. ഹൈദരാബാദിൽ സാവിത്രിയുടെ ലൊക്കേഷനിൽനിന്ന് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ചെന്നൈയിൽ ശണ്ഠക്കോഴിയുടെ സെറ്റിൽ എത്തുന്നു. അവിടെ ജോളിയായി അഭിനയിച്ചതിനുശേഷം ഉല്ലാസത്തോടെ വീട്ടിലേക്കു മടങ്ങുന്നു. രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകർക്കിഷ്ടമായതിന്റെ സന്തോഷം വേറെയും.
വിജയും വിശാലും
രണ്ടുപേരും സെറ്റിലുണ്ടെങ്കിൽ വല്ലാത്ത വൈബ്രേഷനായിരിക്കും. ചിരിച്ചും കളിച്ചും സെറ്റ് ലൈവാക്കാൻ ഇരുവർക്കും പ്രത്യേക സിദ്ധിയുണ്ട്. വിജയ്യുടെ കൂടെ ലാസ്റ്റ് സർക്കാർ ചെയ്യുന്പോൾ ഒരു കോളജ് ടൂറിൽ പങ്കെടുക്കുകയാണെന്നേ തോന്നിയുള്ളു. പക്ഷേ, വിശാൽ ചില നേരങ്ങളിൽ ഗഹനമായ ചിന്തയിലായിരിക്കും. അന്നേരം ചുറ്റുമുള്ളതൊന്നും അദ്ദേഹം ശ്രദ്ധിക്കില്ല. ആ നിമിഷം മറികടന്നാൽ വീണ്ടും പഴയതുപോലെ ആവുകയും ചെയ്യും.
മാറ്റമില്ലാത്ത കീർത്തി
സിനിമയിലഭിനയിച്ചു എന്നതുകൊണ്ട് നിത്യജീവിതത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. രാവിലെ നേരത്തെ എഴുന്നേറ്റു ചായ കുടിച്ചതിനുശേഷം പുറത്തേക്കിറങ്ങും. സുഹൃത്തുക്കൾ എന്റെ വീക്ക്നെസാണ്. അതുപോലെ സിനിമ കാണൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിനോദമാണ്. ഷൂട്ടിംഗില്ലെങ്കിൽ ഭാഷാഭേദമില്ലാതെ സിനിമകൾ കണ്ട് സമയം കളയും. പാചകവും ഇഷട്മാണ്. അമ്മ വീട്ടിലില്ലെങ്കിൽ ഞാൻതന്നെയാണ് അടുക്കളയിൽ കയറുക. മുട്ടദോശയാണ് ഫേവറൈറ്റ് ഐറ്റം.
അമ്മ തന്നെ താരം
സാവിത്രി തമിഴിലും തെലുങ്കിലും എനിക്ക് ഒരുപാട് ആരാധകരെ നേടിത്തന്നു. പക്ഷേ, മലയാളസിനിമാ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടി എന്നു വിശ്വസിക്കുന്നില്ല. തിരുവനന്തപുരത്തുകൂടി ഞാനും അമ്മയും നടന്നുപോവുകയാണെങ്കിൽ ആളുകൾ അമ്മയ്ക്കൊപ്പം സെൽഫിയെടുക്കാനാണ് തിരക്കു കൂട്ടുക. മേനക എന്ന നടി ഇൻഡസ്ട്രിയിലുണ്ടാക്കിയ ഇംപാക്ട് അത്ര വലുതാണ്. സാവിത്രിയായി വേഷമിട്ടതിനുശേഷം തമിഴ്നാട്ടിലെ കുഗ്രാമങ്ങളിൽവരെ തിരിച്ചറിയപ്പെടുന്നു. സാവിത്രിയമ്മയോടുള്ള സ്നേഹം എനിക്കുകൂടി അവർ പകുത്തുതരുന്നു. പ്രേക്ഷകരുടെ ഈ സ്നേഹം എന്നും നിലനിൽക്കണം എന്നാണ് ആഗ്രഹം.
ഷിജീഷ് നടുവണ്ണൂർ