വിജയ് വാലയിൽ
തുറവൂർ: സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് സ്ത്രീ സുരക്ഷ. സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്ത്രീകൾ തന്നെ കരുത്താർജിക്കണമെന്ന കവി സുഗതകുമാരിയുടെ വാക്കുകൾ ഉൾക്കൊണ്ട് സ്ത്രീകളെ സ്വയം സുരക്ഷയ്ക്കായി അഭ്യസിപ്പിക്കുകയാണ് കീർത്തി. ആറാം ക്ലാസിൽ പഠിക്കുന്നതു മുതലാണ് കീർത്തി തായ്ക്കോണ്ട പരിശീലനം ആരംഭിച്ചത്. ജി. തോമസായിരുന്നു പരിശീലകൻ.
ചെറുപ്രായത്തിൽ തന്നെ തായ്കോണ്ടായിൽ ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ഈ സമയമാണ് ഗോവിന്ദച്ചാമിയുടെ ആക്രമണത്തിൽ സൗമ്യ എന്ന പെണ്കുട്ടി വധിക്കപ്പെടുന്നത്. ഇതേ തുടർന്ന് സ്ത്രീകൾ സ്വയസുരക്ഷയ്ക്കായി ഗ്രോയിങ്ങ് അറ്റാക്ക് പരിശീലിക്കണമെന്ന് അന്നത്തെ ഐജി ബി.സന്ധ്യ പറഞ്ഞത്.
ഇതുൾക്കൊണ്ടു കൊണ്ട് കീർത്തി സ്ത്രീകളെ സ്വയസുരക്ഷ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. ഈ ആശയം തന്റെ പഞ്ചായത്തായ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അന്നത്തെ പ്രസിഡന്റായ എൻ.പി. സ്നേഹജനെ അറിയിച്ചു അദ്ദേഹം ഇത് അംഗീകരിച്ചു. സ്ത്രീ ശാക്തീകരണ പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു. എന്നാൽ പ്ലാനിംഗ്് ബോർഡ് അനുമതി നിഷേധിച്ചു.
തന്റെ ലക്ഷ്യം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവരുമെന്ന് കണ്ടപ്പോൾ കീർത്തിയും സംഘവും തിരുവനന്തപുരത്ത് പോവുകയും തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന എം.കെ. മുനീറിന്റെ മുന്പിൽ വിഷയം അവതരിപ്പിച്ചു. കൂടാതെ മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും മുന്പിൽ തായ്കോണ്ട ആഭ്യാസം പ്രദർശിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന്് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുവാൻ മന്ത്രി ഉത്തരവിടുകയും ചെയ്തു.
മാരാരിക്കുളം പഞ്ചായത്തിൽ പരിശീലനം നടക്കുന്പോൾ മരാരിക്കുളം എംഎൽഎ തോമസ് ഐസക്കിന്റെ നേതൃശ്രമഫലമായി ഡൽഹിയിൽ നിന്നുള്ള കേന്ദ്ര സംഘം ഈ പരിശീലനം കാണുകയും, ഈ പദ്ധതി ദേശീയ തലത്തിൽ നടപ്പിൽ വരുത്തുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇപ്പോൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും സ്കൂളുകളിലും കോളജുകളിലുമായി ആയിരക്കണക്കിന് വനിതകളേയും വിദ്യാർഥിനികളേയുമാണ് കീർത്തി സ്വയസുരക്ഷ പരിശീലിപ്പിച്ചിട്ടുള്ളത്.
ഇപ്പോഴും വിവിധ പഞ്ചായത്തുകളിൽ സ്ത്രീകളെ തയ് കോണ്ട പഠിപ്പിക്കുന്നത് തുടരുകയാണ്. ജഡ്ജിമാരുടെ ആവശ്യപ്രകാരം കോടതിയിലെ ജീവനക്കാരികൾക്കും വനിതാ അഭിഭാഷകർക്കും കീർത്തി പരിശീലനം നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഉലകുട പെരുമാളിന്േറയും ജോസ്കുഞ്ഞ് ഗുരുക്കളുടേയും ശിക്ഷണത്തിൽ കളരി പയറ്റും, മാസ്റ്റർ സാക്കുവിന്റെ ശിഷ്യത്വത്തിൽ കരാട്ടേയും, യോഗയും പരിശീലിച്ചിട്ടുണ്ട്.
ഇതുകൂടാതെ നാഷണൽ റഫറിക്കോഴ്സും ഇൻസ്ട്രക്ടർ കോഴ്സും പൂർത്തീകരിച്ചിട്ടുണ്ട് ഈ ഇരുപത്തിരണ്ടുകാരി. ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗഡിപ്ലോമ കോഴ്സ് പഠിച്ചുവരുന്നു. കൂടാതെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിലുമാണ്. കീർത്തിയുടെ ഇത്തരത്തിലുള്ള സ്ത്രീ സുരക്ഷാ പരിശീലന പരിപാടിക്ക് നിരവധി സംഘടനകളിൽ നിന്ന് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ജെസിഐ, റോട്ടറി ക്ലബ്, വൈഎച്ച്എഐ, വിവിധ കോളജുകളും കീർത്തിയെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ചേച്ചിയുടെ പാത പിൻതുടർന് സഹോദരി കാതറിനും തായ്കോണ്ടയിൽ സെക്കന്റ് ഡാൻ ബ്ലാക്ക്ബെൽറ്റ് നേടി വീട്ടിൽ പെണ്കുട്ടികൾക്ക് പരിശീലനം നടത്തി വരുന്നു. രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൾ കലാമിൽ നിന്ന് സാമൂഹിക പ്രവർത്തനത്തിന് അവാർഡ് നേടിയിട്ടുള്ള രാജു പള്ളിപ്പറന്പിലും ഭാര്യ ജാൻസിയും മക്കളുടെ പ്രയാണത്തിൽ എല്ലാ സഹായവും ചെയ്തു വരുന്നു.