തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. സാവിത്രിയായി കീർത്തി സുരേഷ് അഭിനയിച്ച ചിത്രത്തിൽ ജെമിനി ഗണേഷനായി വന്നത് ദുൽഖറായിരുന്നു. തെലുങ്കിലും തമിഴിലുമായിട്ടായിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മേയ് ഒന്പതിന് തിയറ്ററുകളിലെത്തിയ, നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമ കണ്ട ശേഷം പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബാഹുബലിയൊരുക്കിയ എസ് എസ് രാജമൗലിയും മഹാനടിയെ പ്രശംസിച്ച് എത്തിയിരുന്നു.
ചിത്രത്തിലെ ദുൽഖറിന്റെയും കീർത്തിയുടെയും പ്രകടനത്തെ പുകഴ്ത്തിയായിരുന്നു രാജമൗലി എത്തിയത്. സിനിമയിൽ അതിമനോഹരമാണ് ദുൽഖറെന്നും ചിത്രം കണ്ട ശേഷം താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നും എസ് എസ് രാജമൗലി പറഞ്ഞു. സാവിത്രിയെന്ന അതുല്ല്യ പ്രതിഭയെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നുവെന്നാണ് കീർത്തിയുടെ പ്രകടനത്തെക്കുറിച്ച് രാജമൗലി പറഞ്ഞത്.
താൻ ഇതുവരെ കണ്ടിട്ടുളളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് മഹാനടിയിൽ കീർത്തിയുടെതെന്നും രാജമൗലി പറഞ്ഞിരുന്നു. തുടർന്ന് രാജമൗലിയുടെ പ്രശംസയ്ക്കു മറുപടിയുമായി കീർത്തി ട്വിറ്ററിൽ എത്തിയിരുന്നു.’എനിക്കിപ്പോഴും ഇത് കണ്ണുകളാൽ വിശ്വസിക്കാനാവുന്നില്ല, ഇതുമതിയെനിക്ക്,ഒരുപാട് നന്ദി സർ, കീർത്തി ട്വിറ്ററിൽ കുറിച്ചു.
കീർത്തിക്കു പിന്നാലെ ദുൽഖർ സൽമാനും രാജമൗലിയുടെ പ്രശംസയ്ക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയിരുന്നു.