മഹാനടി എന്ന സിനിമ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു എന്നു കീർത്തി സുരേഷ്. “”ഇപ്പോഴും പതിനഞ്ചിലധികം തിരക്കഥകൾ എനിക്ക് വരാറുണ്ട്. മഹാനടിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ ഞാൻ സിനിമകളെ നിരീക്ഷിക്കുന്നത്. ഭാവിയിൽ വാണിജ്യ സിനിമകൾ ചെയ്യില്ല എന്നല്ല. അതിനും മാത്രം അഭിനയ സാധ്യത ഉണ്ടായിരിക്കണം”- ഒരു അഭിമുഖത്തിൽ കീർത്തി പറഞ്ഞു.
മഹാനടിക്ക് ശേഷം കീർത്തി സുരേഷിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിയ്ക്കുന്നത്. നയൻതാരയെയും അനുഷ്ക ഷെട്ടിയെയും സാമന്തയെയുമൊക്കെ പോലെ കീർത്തിയും വളരെ അധികം സെലക്ടീവായി. സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അടുത്ത സൂപ്പർ ലേഡിയായി വളർന്നുകൊണ്ടിരിക്കുകയാണ് കീർത്തി എന്നാണ് ആരാധകരുടെ പക്ഷം.
ഇപ്പോൾ സിനിമ തെരഞ്ഞെടുക്കുന്പോൾ കീർത്തി ക്വാളിറ്റിക്കൊപ്പം അതിന്റെ വാണിജ്യ വിജയവും നോക്കാറുണ്ട്. സണ്ടക്കോഴി 2, സാമി 2, സർക്കാർ എന്നീ ചിത്രങ്ങൾ നോക്കിയാൽ അത് മനസിലാവും.
മലയാളത്തിലും തമിഴിലും തെലുങ്കിലും വിജയം കണ്ട കീർത്തി ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ബോണി കപൂർ നിർമിച്ച് അമിത് ഷർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി അഭിനയിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വാർത്തകൾ.