യുവനടിമാരുടെ വിവാഹം അവർ പോലും അറിയാതെ നടത്താറാറുണ്ട് സമൂഹമാധ്യമങ്ങൾ. ഇത്തരത്തിൽ പലപ്പോഴായി സോഷ്യൽ മീഡിയ കല്യാണം നടത്തിയ താരമാണ് നടി കീർത്തി സുരേഷ്.
ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയ കീർത്തിയുടെ കല്യാണം നടത്തിയത് സംഗീത സംവിധായകൻ അനിരുദ്ധുമായിട്ടാണ്.
കീർത്തിയും അനിരുദ്ധും വിവാഹിതരാവുകയാണെന്ന വാർത്ത പ്രചരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു.
എന്നാൽ പിന്നാലെ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. കീർത്തിയുടെ പിതാവും നിർമ്മാതാവുമായ സുരേഷ് കുമാർ തന്നെ വാർത്ത നിരസിച്ച് രംഗത്തെത്തി.
രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്നും വിവാഹത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
ഇപ്പോഴിതാ അനിരുദ്ധുമായുള്ള തന്റെ വിവാഹ വാർത്തയെ കുറിച്ച് കീർത്തി തന്നെ പ്രതികരിക്കുകയാണ്.
പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷൻ തിരക്കുകളിലാണ് കീർത്തി ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിലായിരുന്നു കീർത്തി മനസ് തുറന്നത്. എന്റെ വിവാഹവാർത്തകൾ വ്യാജമാണ്.
എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാർത്തകൾ വന്നിട്ടുണ്ട്.
ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം. എല്ലാത്തിനും സോഷ്യൽ മീഡിയയോടാണ് നന്ദി.
എന്റെ കല്യാണത്തിന് ഇനിയും സമയമുണ്ട്. അതു നടക്കുന്പോൾ ഞാൻ തന്നെ ആരാധകരുമായി വാർത്ത പങ്കുവയ്ക്കും- കീർത്തി പറഞ്ഞു.
മുന്പും ഇതുപോലെ കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു.
രാഷ്ട്രീയ നേതാവിന്റെ മകനുമായി വിവാഹം ഉറപ്പിച്ചുവെന്നും ബിസിനസുകാരനെ കല്യാണം കഴിക്കുകയാണെന്നെല്ലാം പ്രചരണങ്ങളുണ്ടായിരുന്നു.
മകളുടെ വിവാഹ വാർത്തകളെ നിരസിച്ചു കൊണ്ട് അച്ഛൻ സുരേഷ് കുമാറും അമ്മ മേനകയും അന്നു രംഗത്ത് എത്തിയിരുന്നു.
മലയാളത്തിലൂടെ സിനിമയിലെത്തിയ കീർത്തി ദേശീയ അവാർഡ് അടക്കം നേടി ഇന്ത്യൻ സിനിമയുടെ അവിഭാജ്യഘടകമായി മുന്നേറുകയാണ്.