നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്തും കൊച്ചി സ്വദേശിയുമായ ആന്റണി തട്ടിലുമായുള്ള വിവാഹം അടുത്ത മാസം ഗോവയിൽ നടക്കും.
15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആന്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയായിരുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റിസോർട്ട് ശൃംഖലയുടെ ഉടമയാണ് ബി ടെക് ബിരുദധാരിയായ ആന്റണി.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കുമെന്നാണു പുറത്തുവന്നിരിക്കുന്ന വിവരം.
താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചില്ല. നിർമാതാവ് ജി. സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്.
മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീർത്തി നായികയായി തുടക്കം കുറിക്കുന്നത്. തമിഴകത്തേക്ക് കടന്നതോടെ വലിയ അവസരങ്ങൾ നടിക്ക് ലഭിച്ചു. തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. കരിയറിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ശേഷമാണ് കീർത്തി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
അടുത്തിടെ കീർത്തിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകൻ ആലപ്പി അഷ്റഫ് കീർത്തിയെക്കുറിച്ച് സംസാരിച്ചിരുന്നു. സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്.
നിങ്ങൾക്കും അതു താമസിയാതെ ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്. ആ പറഞ്ഞത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് കമന്റ് ബോക്സിൽ ചിലരുടെ ചോദ്യം. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിരുന്നു.