വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. 15 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. ഇത്രയും കാലം പ്രണയം രഹസ്യമാക്കി വയ്ക്കാൻ കഴിഞ്ഞത് ആരാധകരെ അദ്ഭുതപ്പെടുത്തുന്നു.
വിവാഹത്തിന് പിന്നാലെ കീർത്തി തന്റെ പുതിയ ചിത്രം ബേബി ജോണിന്റെ പ്രൊമോഷനെത്തി. ഏവരും ശ്രദ്ധിച്ചത് നടിയുടെ കഴുത്തിലെ താലിച്ചരടാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചപ്പോഴും താലി ഊരി മാറ്റാൻ കീർത്തി തയാറായില്ല.
നടിയുടെ പുതിയ ഫോട്ടോകളിലും താലി കാണാം. താലിയുടെ പേരിൽ നേരത്തെ നടിക്ക് ട്രോളുകൾ വന്നിരുന്നു. പിന്നാലെ നടി ഇതിന് വിശദീകരണവും നൽകി. ആചാരപ്രകാരം വിവാഹ കഴിഞ്ഞയുടനെ താലി ഊരി മാറ്റാനാകില്ലെന്ന് കീർത്തി വ്യക്തമാക്കി.
പരിശുദ്ധമായ ഒന്നാണ് മംഗൽസൂത്ര. ഈ മഞ്ഞച്ചരട് അഴിച്ച് മാറ്റുന്നതും പകരം സ്വർണ ചെയിൻ ധരിക്കുന്നതും പ്രത്യേക ദിവസങ്ങൾക്ക് ശേഷമാണ്. ജനുവരി മാസത്തിന് ശേഷമായിരിക്കും അതെന്ന് തോന്നുന്നെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. പ്രൊമോഷൻ സമയത്ത് താലി മാറ്റി വെക്കണമെങ്കിൽ വെച്ചോയെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ തനിക്കതിന് മനസ് വന്നില്ലെന്നും കീർത്തി സുരേഷ് വ്യക്തമാക്കി.