
കീർത്തി സുരേഷും ഒരു വ്യവസായിയും തമ്മിൽ വിവാഹിതരാവുന്നു എന്ന വാർത്തയാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പടരുന്ന അഭ്യൂഹങ്ങളിലൊന്ന്.
തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും വാർത്ത സത്യമല്ലെന്നും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കീർത്തി. അച്ഛൻ സുരേഷ്കുമാറും അമ്മ മേനകയും മകൾക്കായി കണ്ടെത്തിയ വരനെയാണ് കീർത്തി വിവാഹം ചെയ്യുന്നത് എന്നായിരുന്നു വാർത്ത.
ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം, അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല- കീർത്തി പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കീർത്തി. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങൾ വേറെയുണ്ട്, ഇപ്പോൾ നമ്മുടെ ലക്ഷ്യം കോവിഡ് 19ന് എതിരേയുള്ള പോരാട്ടത്തിൽ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിക്കുള്ള സമയമല്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.
ലോക്ഡൗണ് ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ഗുഡ് ലക്ക് സഖിയിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. 2020 പകുതിയോടെ തിയറ്ററിൽ എത്താൻ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ദിൽ രാജുവാണ്.
മലയാളത്തിൽ “മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയറ്ററിൽ എത്താനുള്ള ചിത്രം. മാർച്ച് അവസാന ആഴ്ച തിയറ്ററിൽ എത്താനിരുന്ന ചിത്രം കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു.
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസന്പന്നമായ ചിത്രത്തിൽ കീർത്തിക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.