തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് വ്യാജ ചികിത്സ നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കീർത്തി ആശുപത്രിയിലെ മാനേജ്മെന്റിലെ ഭിന്നിപ്പ് സംബന്ധിച്ച വിവരങ്ങളും ഇതിനിടയിൽ പുറത്തുവന്നു.
വ്യാജ ചികിത്സ നടക്കുന്നത് സംബന്ധിച്ച് ഡിഎംഒ നൽകിയ മുന്നറിയിപ്പ് നോട്ടീസ് മുൻ മാനേജ്മെന്റ് മുക്കിയതായിട്ടുള്ള ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ഏപ്രിൽ 16 നാണ് ഡിഎംഒ വ്യാജ ചികിത്സ സംബന്ധിച്ച കത്ത് കീർത്തി ഹോസ്പിറ്റൽ മാനേജ്മെന്റിന് നൽകിയത്.
എന്നാൽ, ഈ കത്ത് ഈ മാസം ആദ്യമാണ് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നതെന്നും കത്ത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആരോപണ വിധേയനെ തത്സ്ഥാനത്തുനിന്നും നീക്കിയതായും കീർത്തി ആശുപത്രിയിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
മുൻ മാനേജ്മെന്റിന്റെ കാലഘട്ടത്താണ് പത്താം ക്ലാസുകാരി കീർത്തിയിൽ ചികിത്സ നടത്തുകയും ഗൃഹനാഥൻ മരിക്കുകയും ചെയ്തത്. ഡിഎംഒ മുന്നറിയിപ്പ് നൽകിയ വ്യക്തിയേയും സ്ഥാപനത്തിൽ കൊണ്ടുവന്നത് മുൻ മാനേജ്മെന്റാണ്
ഗൃഹനാഥൻ മരിച്ച കേസിൽ…
വ്യാജ ചികിത്സയെത്തുടർന്ന് ഗൃഹനാഥൻ മരിച്ച കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതും മുൻ മാനേജ്മെന്റുമായി ബന്ധപ്പെട്ടവരാണെന്നും ഈ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
ഡിഎംഒ നൽകിയ മുന്നറിയിപ്പ് കത്ത് പൂഴ്ത്തിവച്ചതിലൂടെ നിരപരാധികളായ നിരവധി രോഗികളാണ് വ്യാജ ചികിസക്ക് വിധേയരായിട്ടുള്ളത്.
സർക്കാർ സംവിധാനത്തിൽനിന്നും വന്ന ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗൗരവമായ കത്ത് പൂഴ്ത്തിവച്ചവർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഓപ്പറേഷൻ ഉൾപ്പെടെ നടത്തിയ സുമേശ് എന്ന വ്യാജ ഡോക്ടർക്കെതിരേയാണ് 498 -ാം വകുപ്പ് പ്രകാരം തലശേരി പോലീസ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. ഐഎംഎ തലശേരി ശാഖ പ്രസിഡന്റ് ഡോ. പി.ബി സജീവ് കുമാറിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.